തുലാ ബെഹെര | Photo Courtesy: https://www.youtube.com/watch?v=ncnR2qcIAZc
ഭുവനേശ്വര്‍: കാലങ്ങളായുള്ള ഭിക്ഷാടനത്തിലൂടെ ലഭിച്ച ഒരുലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന ചെയ്ത് വയോധിക. ഒഡീഷ സ്വദേശിയായ എഴുപതുകാരി തുലാ ബെഹെരയാണ് ഒരുലക്ഷം രൂപ ഫൂല്‍ബനിയിലെ ജഗന്നാഥ ക്ഷേത്രത്തിന് സംഭാവന ചെയ്തത്.
കംധമാല്‍ ജില്ലാ ആസ്ഥാനത്ത് കാലങ്ങളായി ഭിക്ഷാടനം നടത്തിയാണ് തുലയും ഭര്‍ത്താവും ജീവിച്ചിരുന്നത്. ആദ്യകാലത്ത്, ഭിന്നശേഷിക്കാരനായ ഭര്‍ത്താവുമൊത്ത് വീടുകള്‍ തോറും കയറിയിറങ്ങിയായിരുന്നു ഭിക്ഷാടനം. ഭര്‍ത്താവ് കുറച്ചുകൊല്ലം മുന്‍പ് മരിച്ചു.
തുടര്‍ന്ന് ഫുല്‍ബനി സിറ്റിയിലെ ജഗന്നാഥ ക്ഷേത്രം, സായ് ക്ഷേത്രം തുടങ്ങിയവയുടെ മുന്‍പില്‍ ഇരുന്ന് തുലാ, ഭിക്ഷ യാചിക്കാന്‍ ആരംഭിച്ചു. അതിനിടെ അനാഥയായ ഒരു പെണ്‍കുട്ടിയുടെ സംരക്ഷണം തുലാ ഏറ്റെടുത്തിരുന്നെന്നും മിറര്‍ നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തരില്‍നിന്ന് ലഭിക്കുന്ന ഭിക്ഷയുടെ സഹായത്തിലാണ് തുലായും ഈ പെണ്‍കുട്ടിയും ജീവിക്കുന്നത്.
കടുത്ത ജഗന്നാഥ ഭക്തയാണ് തുല. ക്ഷേത്രത്തിന് എന്തെങ്കിലും സംഭാവന നല്‍കണമെന്ന് ഏറെക്കാലമായി ആഗ്രഹവും വെച്ചുപുലര്‍ത്തിയിരുന്നു. ഈയടുത്ത് തുലായുടെ ബാങ്ക് അക്കൗണ്ടിലെ സമ്പാദ്യം ഒരുലക്ഷം കടന്നെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്നാണ് ക്ഷേത്ര നവീകരണത്തിനായി സംഭാവന നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
വെള്ളിയാഴ്ച ധനുസംക്രാന്തി ദിനത്തിലാണ് തുലാ, പണം സംഭാവന ചെയ്തത്. തുടര്‍ന്ന് ക്ഷേത്ര മാനേജ്‌മെന്റ് ഇവരെ ആദരിക്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി തുക വിനിയോഗിക്കുമെന്നും തുലായുടെ നല്ല മനസ്സിനോടുള്ള ആദരസൂചകമായി അവരുടെ ജീവിതാന്ത്യംവരെ പ്രസാദം നല്‍കുമെന്നും ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് സുനസിര്‍ മൊഹന്തി പറഞ്ഞു.
Content Highlights: 70 year old beggar donates one lakh rupee to temple in odisha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..