ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ്-19 കേസുകളില്‍ 70 ശതമാനവും മഹാരാഷ്ട്രയിലും കേരളത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍. ജനിതകമാറ്റംവന്ന കോവിഡിന്റെ യു.കെ വകഭേദം ഇന്ത്യയില്‍ ഇതുവരെ 153 പേര്‍ക്ക് സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.

രാജ്യത്തെ 147 ജില്ലകളില്‍ കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ പുതിയ കോവിഡ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. 18 ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലും ആറ് ജില്ലകളില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 2,013,353 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ 899,932 പേര്‍ക്ക് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നിവയാണ് കോവിഡ് വ്യാപനം കൂടിയ മറ്റുസംസ്ഥാനങ്ങള്‍. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രാജ്യത്ത് 11,666 പേര്‍ക്ക് പുതുതായി രോഗം പിടിപെട്ടു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,701,193 ആയി ഉയര്‍ന്നു. 1,53,847 പേരുടെ ജീവന്‍ ഇതുവരെ കോവിഡ് കവര്‍ന്നു. രാജ്യത്തുടനീളം 1,73,740 രോഗികള്‍ കൂടി നിലയില്‍ ചികിത്സയിലുണ്ട്.

content highlights: 70% of India's Covid-19 cases from Maharashtra, Kerala: Harsh Vardhan