ന്യൂഡല്‍ഹി: 38 പേര്‍ മരിക്കാനിടയായ ഡല്‍ഹി കലാപം നിയന്ത്രിക്കാന്‍ 70 കമ്പനി അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 100 പേരുള്‍പ്പെടുന്ന  70 കമ്പനി അര്‍ധസൈനികരെയാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ എത്തിച്ചിട്ടുള്ളത്. ഡല്‍ഹി പോലീസിന്റെ നിയന്ത്രണത്തില്‍ തന്നെയാണ് സുരക്ഷാവിന്യാസം.

സംശയിക്കപ്പെടുന്ന 514 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോള്‍ എണ്ണം വര്‍ധിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച രാത്രി ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ലയുടേയും ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമുല്യ പട്നായിക്കിന്റെയും സാന്നിധ്യത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി.

അതേ സമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലുകളെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പരാമര്‍ശമുണ്ടായില്ല. കഴിഞ്ഞ 48 മണിക്കൂറിനിടെ അജിത് ഡോവല്‍ രണ്ടു തവണ കലാപ മേഖലകള്‍ സന്ദര്‍ശിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തിരുന്നു.

ഡല്‍ഹിയില്‍ ആകെയുള്ള 203 പോലീസ് സ്‌റ്റേഷനുകളില്‍ 12 സ്‌റ്റേഷനുകളുടെ പരിധിയിലാണ് കലാപമുണ്ടായത്. കഴിഞ്ഞ 36 മണിക്കൂറിനിടെ കാര്യമായ അക്രമ സംഭവങ്ങളൊന്നും ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു.

വ്യാജപ്രചാരണങ്ങളിലും ഊഹാപോഹങ്ങളിലും ആളുകള്‍ വിശ്വസിക്കരുത്. സാമുദായിക സംഘര്‍ഷങ്ങളുണ്ടാക്കാന്‍ താത്പര്യപ്പെടുന്ന ഗ്രൂപ്പുകളുടെ കെണിയില്‍ വീഴരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 

എല്ലാ വിഭാഗങ്ങളിലേയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമാധാന സമിതികള്‍ രൂപീകരിച്ച് വരുന്നുണ്ട്. ഇവരെ ഉള്‍പ്പെടുത്തി ഡല്‍ഹി പോലീസ് ജനങ്ങള്‍ക്ക് ആത്മവിശ്വാസം വളര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കലാപബാധിത പ്രദേശങ്ങളിലെ ആളുകളെ ഈ സമാധാന കമ്മിറ്റികള്‍ സന്ദര്‍ശിക്കുന്നുണ്ട്. റോഡുകളും മറ്റും ശുചീകരിക്കുന്ന നടപടികളും പുരോഗമിക്കുന്നു. കേടുപാടുകള്‍ വന്ന പൊതുസ്ഥാപനങ്ങള്‍ സാധാരണ നിലയിലാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

Content Highlights: 70 companies paramilitary soldiers deployed in Delhi-no major incident in 36 hours-Home Ministry