ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അനധികൃതമായി സംസ്ഥാനത്ത് താമസിച്ചിരുന്ന ബംഗ്ലാദേശികളില്‍ 70 പേരെ അറസ്റ്റ് ചെയ്തെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഇതില്‍ 57 പേരെ ബംഗ്ലാദേശിലേക്ക് തന്നെ നാടുകടത്തി. 13 പേരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും കേരളം സുപ്രീം കോടതിയെ അറിയിച്ചു.  12 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളും 214 പാകിസ്താന്‍ പൗരന്മാരും കേരളത്തില്‍ താമസിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുമായി ബന്ധപ്പെട്ട കേസില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തുനിന്ന് നാടുകടത്തിയ ബംഗ്ലാദേശി പൗരന്മാരുടെ വിശദാംശങ്ങളുള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് നിരവധിപേര്‍ തൊഴില്‍ തേടി കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇതില്‍ ബംഗ്ലാദേശ്, മ്യാന്മര്‍ എന്നിവിടങ്ങളില്‍ നിന്ന് അനധികൃതമായി രാജ്യത്തേക്ക് കടന്നവര്‍ ഉണ്ടോ എന്ന് കണ്ടെത്താനുള്ള കര്‍ശന പരിശോധനകള്‍ നടത്തുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി, അവരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും കേരളം സുപ്രീം കോടതിയെ അറിയിച്ചു. 

കേരളത്തിന് അതിര്‍ത്തി കടന്നുള്ള ഭീഷണി ഇല്ല. എന്നാല്‍ വലിയ തോതില്‍ തീരപ്രദേശം ഉള്ളതിനാല്‍ അനധികൃത കുടിയേറ്റത്തിനെതിരേ കര്‍ശന നിരീക്ഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ ജി. പ്രകാശ് ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മ്യാന്മറില്‍ നിന്നുള്ള 12 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ നിലവില്‍ കേരളത്തില്‍ ഉണ്ടെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. വയനാട് ജില്ലയിലെ മുട്ടിലില്‍ ആണ് ഇവര്‍ രണ്ട് കുടുംബങ്ങളിലായി താമസിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥികള്‍ക്കായുള്ള രജിസ്ട്രേഷന്‍ ഇവര്‍ക്കുണ്ട്. നാല് പേരുടെ രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും കോവിഡും കാരണം ഇവര്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ചെന്നൈയിലേക്ക് പോകാന്‍ കഴിയുന്നില്ല. ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതുവരെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുട്ടിലിന് സമീപം തന്ത്ര പ്രധാനമായ സ്ഥാപനങ്ങള്‍ ഇല്ലെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. 

നിലവില്‍ കേരളത്തില്‍ 214 പാകിസ്താന്‍ പൗരന്മാരാണുള്ളത്. ഇതില്‍ 94 പേര്‍ ഔട്ട് ഓഫ് വ്യൂ വിഭാഗത്തില്‍ പെട്ടവരാണ്. 107 പാകിസ്താന്‍ പൗരന്മാരുടെ ദീര്‍ഘകാല വിസയ്ക്കായുള്ള അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും സംസ്ഥാനം സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

Content Highlights: 70 Bangladesh nationals arrested, 57 were deported; Kerala filed affidavit Supreme Court