ബെംഗളൂരു: റോഡിലെ കുഴികാരണം ജനങ്ങൾ പൊറുതിമുട്ടുന്നത് കണ്ട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് അഭ്യർഥനയുമായി ഏഴു വയസുകാരി ധവാനി. വീഡിയോയിൽ കൂടിയാണ് തുംകൂറിലെ തിപ്തുറിലുള്ള പെൺകുട്ടി അഭ്യർഥനയുമായി രംഗത്തെത്തിയത്. വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

തന്റെ കൈയിലുള്ള പോക്കറ്റ് മണി തരാം, ഈ റോഡ് ഒന്ന് നന്നാക്കി തരാമോ എന്നാണ് വീഡിയോയിൽ പെൺകുട്ടി ചോദിക്കുന്നത്. രണ്ടാം ക്ലാസുകാരിയായ ധവാനിയുടെ അമ്മ രണ്ട് വർഷം മുമ്പ് ഒരു അപകടത്തിൽ പെട്ടിരുന്നു. റോഡിലെ കുഴിയിൽ വീണായിരുന്നു അപകടം. അപകടത്തിൽ അവരുടെ കാലിന് പരിക്ക് പറ്റിയതായി ന്യൂസ് ഡെയ്​ലി റിപ്പോർട്ട് ചെയ്തു.

മുഖ്യമന്ത്രി അപ്പൂപ്പാ എന്ന് വിളിച്ചാണ് ബസവരാജ് ബൊമ്മയെ പെൺകുട്ടി വീഡിയോയിൽ അഭിസംബോധന ചെയ്യുന്നത്. ബെംഗളൂരുവിലെ റോഡുകൾ ദയനീയമാണെന്നും പാതാളക്കുഴികളായി കിടക്കുകയാണെന്നും പെൺകുട്ടി പറഞ്ഞു.

നിരവധി പേരാണ് ഈ കുഴികൾ കാരണം അപകടത്തിൽ പെടുന്നത് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പല കുടുംബങ്ങളും അനാഥരായി. അവരുടെയൊക്കെ കുടുംബത്തെ ആരാണ് സംരക്ഷിക്കുക എന്നും പെൺകുട്ടി വീഡിയോയിൽ കൂടി ചോദിക്കുന്നുണ്ട്.