ലഖ്‌നൗ (ഉത്തര്‍പ്രദേശ്): 2013-ലെ മുസഫര്‍നഗര്‍ വര്‍ഗീയ കലാപത്തിന് ഇടയാക്കിയെന്ന് കരുതുന്ന ഇരട്ട കൊലപാതക കേസില്‍ ഏഴുപ്രതികള്‍ക്ക് ജീവപര്യന്തം തടവ്. മുസഫര്‍നഗര്‍ ജില്ലാ അഡീ. മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. സച്ചിന്‍, ഗൗരവ് എന്നീ യുവാക്കള്‍ കൊല്ലപ്പെട്ട കേസിലാണ് പ്രതികളായ മുസമില്‍, മുജാസിം, ഫര്‍ഖാന്‍, നദീം, ജനാംഗീര്‍, അഫ്‌സല്‍, ഇഖ്ബാല്‍ എന്നിവര്‍ക്ക് ശിക്ഷ വിധിച്ചത്. കേസില്‍ ഇവര്‍ ഏഴുപേരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

2013-ല്‍ മുസഫര്‍നഗറിലെ കവാല്‍ ഗ്രാമത്തിലുണ്ടായ കൊലപാതകക്കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്. കൊലപാതകങ്ങള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍, ഷാംലി ജില്ലകളിലുണ്ടായ ഹിന്ദു-മുസ്ലിം വര്‍ഗീയകലാപത്തില്‍ 63 പേരാണ്  കൊല്ലപ്പെട്ടത്. അറുപതിനായിരത്തോളം പേര്‍ക്ക് നാടുവിടേണ്ടി വന്നു.

ആറായിരത്തോളം കേസുകളാണ് കലാപത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പ്രത്യേക അന്വേഷണ സംഘമാണ് കേസുകള്‍ അന്വേഷിച്ചത്.

Content Highlights: 7 Get Life In Jail For Killing 2 Men in 2013 Muzaffarnagar Riots