ന്യൂഡല്‍ഹി: 1947ല്‍ ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടി രണ്ട് രാജ്യങ്ങളായവരാണ് ഇന്ത്യയും പാകിസ്താനും. സ്വാതന്ത്ര്യ പ്രാപ്തിയില്‍ പാകിസ്താന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തരത്തിലുള്ള വിഭജനമാണ് അന്ന് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടത്തിയത്. ഫലഭൂയിഷ്ടമായ കൃഷിസ്ഥലങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പാകിസ്താന് കൂടുതല്‍ ലഭിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയേക്കാളും സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക അളവുകോലുകളില്‍ പാകിസ്താന് മുമ്പന്തിയിലായിരുന്നു. എന്നാല്‍ ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങള്‍ മൂലം പാകിസ്താന് എന്ന രാജ്യം ആഭ്യന്തരവും സാമ്പത്തികവുമായ പ്രതിസന്ധിയെ നേരിടുമ്പോള്‍ ഏഷ്യയിലെ പ്രധാന സാമ്പത്തിക ശക്തിയും ബഹിരാകാശ ശക്തിയുമായി വളരുകയാണ് ഇന്ത്യ ചെയ്തത്.
സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷമുള്ള ഇന്ത്യയുടെ വളര്‍ച്ചയും പാകിസ്താന്റെ തളര്‍ച്ചയും ഇപ്രകാരമാണ്.
ശിശുമരണ നിരക്ക്: - സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം 1971 വരെ ഇന്ത്യയിലും പാകിസ്താനിലും ശിശു മരണ നിരക്ക് 1000 ല്‍ 71 എന്ന നിലയിലായിരുന്നു. ഏറിയും കുറഞ്ഞും ചെറിയ വ്യത്യാസങ്ങള്‍ മാത്രം. എന്നാല്‍ പ്രശ്നങ്ങള്‍ മുന്നില്‍ കണ്ട് ഭരണാധികാരികള്‍ സുദീര്‍ഘമായ നടപടികള്‍ സ്വീകരിച്ചു. അതിനാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ ബഹുദൂരം മുന്നോട്ടുപോയി. ആയിരം കുട്ടികളില്‍ 31 ആണ് ഇന്ത്യയിലെ ശിശു മരണനിരക്കെങ്കില്‍ പാകിസ്താനില്‍ അത് 61 ആണ്.
ആയുര്‍ദൈര്‍ഘ്യം: - ഇന്ത്യയേക്കാള്‍ ശരാശരി ആയുര്‍ ദൈര്‍ഘ്യത്തില്‍ പാക് സ്വദേശികള്‍ അല്പം മുന്നിലായിരുന്നു 1947ല്‍. 41 വയസ്സ് ആയിരുന്നു അന്ന് ഇന്ത്യയിലെ ശരാശരി ആയുര്‍ ദൈര്‍ഘ്യമെങ്കില്‍ പാകിസ്താനില്‍ 46 വയസായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ 69 ഉം പാകിസ്താനില്‍ 66 വയസുമാണ്.
മൊത്ത ആഭ്യന്തര ഉത്പാദനം: സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം 1960 വരെ പാകിസ്താന്റെ ജിഡിപി എന്നത് ആറ് ശതമാനമായിരുന്നു. ഇന്ത്യയുടെ വാര്‍ഷിക ജിഡിപി എന്നത് അക്കാലത്ത് 3.6 ശതമാനം മാത്രം. എന്നാല്‍ 2019 ലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ അറിയാം പാകിസ്താന് എത്രത്തോളം തകര്‍ന്നു തുടങ്ങിയെന്ന്. ഇന്ത്യ 6.6 ശതമാനത്തോളം ജിഡിപി വളര്‍ച്ച നേടിയപ്പോള്‍ പാകിസ്താന്റെ ജിഡിപി 3.3 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
കറന്‍സിയുടെ കരുത്ത്: 1947 ല്‍ ഇന്ത്യയുടെയും പാകിസ്താന്റെയും കറന്‍സികള്‍ ഡോളറുമായി ഒരേ വിനിമയ നിരക്കാണ് കാണിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 71 എന്ന നിലയിലുള്ളപ്പോള്‍ പാകിസ്താന് രൂപ ഇന്ന് 160 എന്ന നിലയില്‍ പരിതാപകരമായ അവസ്ഥയിലാണ്.
വനസമ്പത്തിന്റെ സംരക്ഷണത്തിലും പാകിസ്താന് പിന്നോട്ടാണ്. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് പാകിസ്താന്റെ 3.2 ശതമാനം പ്രദേശവും വനമായിരുന്നു. 1960 വരെ ഇത് നീണ്ടു. എന്നാല്‍ ഇന്നത് 1.8 ശതമാനമായി കൂപ്പുകുത്തി. മാത്രമല്ല ഈ ശോഷണം തടയാന്‍ പാക്സ്താന് സാധിക്കുന്നുമില്ല. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തിലും മികവ് തെളിയിച്ചു. 1960 ലെ കണക്കനുസരിച്ച് ഇന്ത്യയുടെ 21.05 ശതമാനം പ്രദേശം വനമായിരുന്നു. ഇന്നത് 24 ശതമാനമായി വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്.
ജമ്മു കശ്മീര്‍ വിഷയമാണ് ഇന്ത്യാ- പാക് ബന്ധത്തിനെ ഇക്കാലമത്രയും നിര്ണയിച്ചുപോന്നത്. ഇക്കാര്യത്തില്‍ ഇന്ത്യയുമായി പാകിസ്താന് നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെടുന്നു. കശ്മീര്‍ തങ്ങളുടേതാണെന്ന് പാകിസ്താന് ഉറച്ചു വിശ്വസിക്കുന്നു. അതിനാല്‍ ഇന്ത്യയുമായി മൂന്ന് തവണ പാകിസ്താന് യുദ്ധത്തിലേര്‍പ്പെട്ടു. ഇതേ കാരണം കൊണ്ടുതന്നെ ആഭ്യന്തര ഉത്പാദനത്തിന്റെ സിംഹഭാഗവും പാകിസ്താന് സൈനിക ചിലവുകള്‍ക്കായി നീക്കിവെച്ചു. ഇതുമൂലം ദാരിദ്ര്യം തുടച്ചുനീക്കാനായി വിവിധ മേഖലകളില്‍ നല്കിവന്നിരുന്ന സബ്സിഡികള്‍ പാക്സ്താന് വെട്ടിക്കുറക്കേണ്ടി വന്നു. ജിഡിപിയുടെ നാല് ശതമാനം സബ്സിഡിക്കായി പാകിസ്താന് നീക്കിവെക്കുമ്പോള്‍ ഇന്ത്യ നീക്കി വെക്കുന്നത് ഒമ്പത് ശതമാനമാണ്.
ഇന്ത്യയുടെ ജിഡിപിയുടെ എട്ട് ശതമാനമാണ് പ്രതിരോധ ചിലവുകള്‍ക്കായി നീക്കിവെക്കുന്നത്. എന്നാല്‍ പാകിസ്താനാകട്ടെ ജിഡിപിയുടെ 17 ശതമാനമാണ് പ്രതിരോധ മേഖലയ്ക്കായി നീക്കിവെക്കുന്നത്.
ഇതിനും പുറമെ ഭീകരവാദ സംഘടനകളുടെ സാന്നിധ്യം. ഇപ്പോള്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് ( എഫ്.എ.ടി.എഫ്) പാകിസ്താന് കൂച്ചുവിലങ്ങിടുമെന്ന സ്ഥിതിവരെയായി കാര്യങ്ങള്‍. തീവ്രവാദം പാകിസ്താന് നല്ലതൊന്നും നേടിക്കൊടുത്തിട്ടില്ല. പകരം ആഗോള തലത്തില്‍ മോശം പ്രതിഛായ ഉണ്ടാക്കി നല്‍കുകയും ചെയ്തു.
അതേസമയം ഇന്ത്യ വിവിധ മേഖലകളില്‍ മുന്നേറുകയാണ്. ബഹിരാകാശം ഗവേഷണം, വിദ്യാഭ്യാസം ഐടി തുടങ്ങിയ മേഖലകളില്‍ ഇന്ത്യ നിര്‍ണായക മുന്നേറ്റം കൈവരിച്ചിരിക്കുന്നു. ഐഐടി, ഐഐഎം തുടങ്ങിയവ ലോകനിലവാരമുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. എന്നാല്‍ പാകിസ്താനില്‍ ഇതുവരേക്കും ഒരു മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രമില്ല. ബഹിരാകാശമേഖലയില്‍ ഇന്ത്യ പുതിയ ഉയരം കൊയ്യുമ്പോള്‍ പാകിസ്താന് ഇന്നും പതിറ്റാണ്ടുകള്‍ പിന്നിലാണ്. ബോളിവുഡിന് പുറമെ ഇന്ത്യയില്‍ പ്രാദേശിക സിനിമാ മേഖലകളും വളര്‍ച്ച പ്രാപിച്ചവയാണ്. വമ്പന്‍ വ്യവസായ സ്ഥാപനങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍, ബഹുരാഷ്ട്ര കമ്പനികള്‍ ഇവയൊക്കെ ഇന്ത്യയുടെ ഉന്നതിയുടെ സൂചികകളാണ്.
ഇന്ത്യന്‍ വംശജര്‍ ഇന്ന് പല ബഹുരാഷ്ട്ര കമ്പനികളുടെയും നിര്‍ണായക നേതൃസ്ഥാനത്തേക്ക് വരുന്നു. വിവിധ രാജ്യങ്ങളില്‍ അതുവഴി ഇന്ത്യയ്ക്ക് സ്വാധീന ശക്തി കൈവരുന്നു. അതേസമയം പാകിസ്താന് ആകട്ടെ അവരുടെ മെഡിക്കല്‍ ബിരുദത്തിന് ഗള്‍ഫ് രാജ്യങ്ങളുടെയെങ്കിലും അംഗീകാരം നേടിയെടുക്കാന്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
കടപ്പാട്- മിറര്‍ നൗ ന്യൂസ്
Content Highlights: Pakistan began with better indicators of social growth, but lagged later