ഹൈദരാബാദ്: ഓക്‌സിജന്‍ ടാങ്കറെത്താന്‍ വൈകിയതിനെ തുടര്‍ന്ന് തെലങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന ഏഴ് കോവിഡ് രോഗികള്‍ മരിച്ചു. വാഹനത്തിന്റെ ഡ്രൈവര്‍ക്ക് വഴി തെറ്റിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ഓക്‌സിജനെത്താന്‍ വൈകിയത്. ഹൈദരാബാദിലെ കിങ് കോട്ടി ആശുപത്രിയില്‍ ഞായറാഴ്ചയാണ് ദയനീയസംഭവം നടന്നത്. 

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഓക്‌സിജന്‍ശേഖരം കുറയുന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ വിതരണകേന്ദ്രത്തില്‍ വിവരമറിയിച്ചു. ആശുപത്രിയിലേക്ക് വരുന്നതിനിടെ ജദ്‌ചെര്‍ലയില്‍ വെച്ച് ഡ്രൈവര്‍ക്ക് വഴി തെറ്റി. ടാങ്കറെത്താന്‍ വൈകിയതോടെ പരിഭ്രമത്തിലായ ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വാഹനത്തെ തിരഞ്ഞ് കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിയിരുന്നു. 

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ആറ് രോഗികളും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. 35 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച നാല് രോഗികളെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. ഓക്‌സിജന്‍ ടാങ്കറെത്താന്‍ വൈകിയതിനെ തുടര്‍ന്ന് രോഗികളുടെ ബന്ധുക്കള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി പരക്കം പായുന്ന അവസ്ഥയും ഉണ്ടായി. 

മരിച്ചവരില്‍ ഒരാളുടെ ബന്ധു ഓക്‌സിജന്‍ സിലിണ്ടര്‍ സംഘടിപ്പിച്ചെത്തിയെങ്കിലും അപ്പോഴേക്കും രോഗി മരിച്ചതായി അധികൃതര്‍ അറിയിച്ചു. അവസാന നിമിഷത്തിലുണ്ടായ പ്രതിസന്ധി കാരണം സിലിണ്ടറുകള്‍ തേടിപ്പോയ പലര്‍ക്കും ഏറെ വൈകിയാണ് ആശുപത്രിയില്‍ തിരിച്ചെത്താന്‍ സാധിച്ചത്. കോവിഡ് രോഗികള്‍ക്ക് മാത്രമാണ് കിങ് കോട്ടി സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സ നല്‍കി വരുന്നത്. ആശുപത്രിയില്‍ 300 ഓക്‌സിജന്‍ കിടക്കകളും 50 ഐസിയു കിടക്കകളും ഉണ്ട്. 

Content Highlights: 7 Covid patients die in Hyderabad hospital as oxygen tanker loses way