Representational image | Photo: Mathrubhumi
ന്യൂഡല്‍ഹി : സൈനികനിയമനവുമായി ബന്ധപ്പെട്ടുള്ള അഴിമതിയില്‍ സിബിഐ പുറത്തുവിട്ട പ്രതിപ്പട്ടികയില്‍ ഉന്നത സൈനികോദ്യോഗസ്ഥരും. അഞ്ച് ലഫ്റ്റനന്റ് കേണല്‍മാര്‍, ഒരു മേജര്‍, ലെഫ്റ്റനന്റ് എന്നീ ഏഴ് ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ ഇരുപത്തിമൂന്ന് പേരടങ്ങുന്ന പട്ടികയാണ് സിബിഐ പുറത്തു വിട്ടത്. പതിമൂന്ന് നഗരങ്ങളിലെ മുപ്പത് സൈനിക ആസ്ഥാനങ്ങളില്‍ തിങ്കളാഴ്ച നടത്തിയ അന്വേഷണത്തിന് ശേഷമാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്.
സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് വഴി നടത്തിയ സൈനിക നിയമനത്തില്‍ കൈക്കൂലി വാങ്ങുകയും ക്രമക്കേട് നടത്തുകയും ചെയ്ത പതിനേഴ് സൈനിക ഉദ്യോഗസ്ഥരും മറ്റ് ആറ് പേരുമാണ് കുറ്റക്കാരെന്ന് ആരോപിക്കപ്പെട്ടിട്ടുള്ളത്. അഡിഷണല്‍ ഡയറക്ടറേറ്റ് ജനറലിന്റെ ഓഫീസില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സിബിഐയുടെ അന്വേഷണം. ന്യൂഡല്‍ഹിയിലെ ഒരു സൈനിക ആശുപത്രിയില്‍ കഴിഞ്ഞ മാസം നടന്ന മെഡിക്കല്‍ പരിശോധനാഫലം അനുകൂലമാക്കാന്‍ ചില ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ സഹായം നല്‍കിയതായി സിബിഐയ്ക്ക് പരാതി ലഭിച്ചിരുന്നു.
നിയമന റാക്കറ്റിന്റെ പ്രധാന സിരാകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത് ആര്‍മി എയര്‍ ഡിഫന്‍സ് കോര്‍പ്‌സിലെ ലെഫ്റ്റനന്റ് കേണല്‍ എംവിഎസ്എന്‍എ ഭഗ്‌വാന്‍ ആണെന്ന് സിബിഐ അറിയിച്ചു. നിലവില്‍ പഠനാവധിയിലുള്ള ലെഫ്റ്റനന്റ് കേണലിലെ കൂടാതെ നായിബ് സുബേദാര്‍ കുല്‍ദീപ് സിങ്ങും കൈക്കൂലി വാങ്ങിയതായി സിബിഐ കൂട്ടിച്ചേര്‍ത്തു.
ഇവരെ കൂടാതെ ലെഫ്റ്റനന്റ് കേണല്‍മാരായ വൈ എസ് ചൗഹാന്‍, സുരേന്ദര്‍ സിങ്, സുഖ്‌ദേവ് അറോറ, വിനയ്, മേജര്‍ ഭവേഷ് കുമാര്‍ എന്നിവരും ഉദ്യോഗാര്‍ഥികളെ വഴിവിട്ട് സഹായിച്ചതായി അന്വേഷണസംഘം കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് ചെക്കായും പണമായും ഓണ്‍ലൈന്‍ ട്രാന്‍ഫറിലൂടെയും ലഭിച്ചതെന്ന് തെളിഞ്ഞതായി സിബിഐ അറിയിച്ചു.
ഡല്‍ഹി, ലഖ്‌നൗ, ജയ്പുര്‍, ഗുവാഹാത്തി, കപൂര്‍ത്തല, ബത്തിന്‍ഡ, കൈതല്‍, ബയ്‌റേലി, ഗൊരഖ്പുര്‍, വിശാഖപട്ടണം, ജോര്‍ഹത്, ചിറംഗൂണ്‍, പല്‍വാല്‍ എന്നീ നഗരങ്ങളിലെ സൈനിക ആസ്ഥാനങ്ങളിലായിരുന്നു അന്വേഷണം. ഇവിടങ്ങളില്‍ നിന്ന് ചില രേഖകളും പിടിച്ചെടുത്തതായും അവയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും സിബിഐ വ്യക്തമാക്കി.
Content Highlights: 7 Army Officers Among 23 Named By CBI In Bribes-For-Recruitment Case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..