ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് 646 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). 109 ഡോക്ടർമാർ മരിച്ച ഡൽഹിയിലാണ് മരണനിരക്ക് കൂടുതലെന്നും ഐഎംഎയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ബിഹാറിൽ 97 ഡോക്ടർമാർ കോവിഡ് ബാധിച്ച് മരിച്ചു. ഉത്തർപ്രദേശിൽ 79 ഡോക്ടർമാരുടെയും രാജസ്ഥാനിൽ 43 ഡോക്ടർമാരുടെയും ജീവൻ കോവിഡ് കവർന്നു. മഹാരാഷ്ട്രയിൽ 23 ഡോക്ടർമാരും കർണാടകയിൽ ഒമ്പത് ഡോക്ടർമാരും കോവിഡ് ബാധിച്ച് മരിച്ചു.

ഐഎംഎയുടെ കണക്കുകൾ പ്രകാരം കോവിഡ് ഒന്നാംതരംഗത്തിൽ രാജ്യത്തുടനീളം 748 ഡോക്ടർമാരുടെ ജീവനാണ് നഷ്ടമായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1.20 ലക്ഷം പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ ഒമ്പതാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെയെത്തുന്നത്. രാജ്യത്തുടനീളം 15,55,248 രോഗികൾ നിലവിൽ ചികിത്സയിൽ തുടരുന്നുണ്ട്.

content highlights:646 doctors died due to COVID-19 in second wave, maximum fatalities in Delhi: IMA