ബെംഗളൂരു: കര്‍ണാടകത്തിലെ പ്രളയത്തിനിടെ കുത്തിയൊലിച്ച് ഒഴുകിയ നദിയിലേക്ക് ചാടിയ 60-കാരനെ രണ്ടുദിവസത്തിനുശേഷം കണ്ടെത്തി. നഞ്ചന്‍കോട് സ്വദേശിയായ വെങ്കടേഷ് മൂര്‍ത്തിയാണ് കബനി നദിയിലേക്ക് ചാടി അതിസാഹസികത കാണിച്ചത്. 

വിവിധ ഡാമുകള്‍ തുറന്നതോടെ കബനി നദി കരകവിഞ്ഞൊഴുകിയിരുന്നു. കര്‍ണാടകത്തിലെ  പ്രളയത്തില്‍ അമ്പതിലേറെ പേര്‍ മരിക്കുകയും നിരവധിപേര്‍ ദുരിതാശ്വാസക്യാമ്പുകളിലെത്തുകയും ചെയ്തു. 

ഇതിനിടെയാണ് അറുപതുകാരനായ വെങ്കടേഷ് മൂര്‍ത്തി നാട്ടുകാരെ ഞെട്ടിച്ച് നദിയിലേക്ക് എടുത്തുചാടിയത്. നിമിഷനേരം കൊണ്ട് ഇയാളെ കാണാതാവുകയും ചെയ്തു. ഇതിന്റെ വീഡിയോ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇതിനിടെ, നദിയിലേക്ക് ചാടിയ വെങ്കടേഷ് മൂര്‍ത്തി മരിച്ചിരിക്കുമെന്ന് അധികൃതരും വിധിയെഴുതി. 

കര്‍ണാടകയിലെ ചില വാര്‍ത്താചാനലുകളും മൂര്‍ത്തി മരിച്ചെന്ന് വാര്‍ത്ത നല്‍കി. ഇയാളെ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 

എന്നാല്‍ സംഭവം നടന്ന് രണ്ടുദിവസം പിന്നിട്ടപ്പോഴാണ് ഏവരെയും ഞെട്ടിച്ച മറ്റുചില വിവരങ്ങള്‍ പുറത്തുവന്നത്. നദിയിലേക്ക് എടുത്തുചാടി കാണാതായെന്ന് കരുതിയ മൂര്‍ത്തിയെ തങ്ങള്‍ നേരിട്ട് കണ്ടെന്ന് നാട്ടുകാരില്‍ ചിലര്‍ വെളിപ്പെടുത്തി. തൊട്ടുപിന്നാലെ നഞ്ചന്‍കോട് റൂറല്‍ പോലീസും ഇക്കാര്യം സ്ഥിരീകരിച്ചു. വെങ്കടേഷ് മൂര്‍ത്തി തിങ്കളാഴ്ച വൈകിട്ട് പോലീസ് സ്‌റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്‌തെന്നും പോലീസ് അറിയിച്ചു. 

എന്തായാലും മൂര്‍ത്തി ജീവനോടെ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് അദ്ദേഹത്തിന്റെ സഹോദരി മഞ്ജുളയും കുടുംബവും. ആദ്യമായിട്ടില്ല മൂര്‍ത്തി ഇങ്ങനെ നദിയിലേക്ക് ചാടുന്നതെന്നും പക്ഷേ, ഇത്തവണ രണ്ടുദിവസമായിട്ടും വിവരം ലഭിക്കാതായതോടെ ആശങ്കയിലായെന്നും മഞ്ജുള പറഞ്ഞു. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ മൂര്‍ത്തി ഇങ്ങനെ പലതവണ സാഹസികത കാണിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

നദിയിലേക്ക് ചാടിയാല്‍ അരമണിക്കൂറിനുള്ളില്‍ അദ്ദേഹം തിരിച്ചെത്തുകയാണ് പതിവ്. പക്ഷേ, കഴിഞ്ഞദിവസം ഹെജിഗെ പാലത്തിന്റെ തൂണുകള്‍ക്കിടയില്‍ മൂര്‍ത്തി കുടുങ്ങിപ്പോയി. അതാണ് രണ്ടുദിവസമെടുത്തത്-മഞ്ജുള വിശദീകരിച്ചു. 

ഹെജിഗെ പാലത്തിനടിയില്‍ മൂര്‍ത്തി കുടുങ്ങികിടക്കുന്നത് നാട്ടുകാരില്‍ ചിലര്‍ നേരത്തെ കണ്ടിരുന്നു. താഴേക്ക് കയര്‍ നല്‍കി ഇയാളെ രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ മൂര്‍ത്തിയെ കാണാതാവുകയായിരുന്നു. ഇതോടെയാണ് മൂര്‍ത്തി ഒഴുക്കില്‍പ്പെട്ട് മരിച്ചിട്ടുണ്ടാവുമെന്ന് നാട്ടുകാരും കരുതിയത്. 

സാധാരണ പാലത്തിന്റെ മധ്യത്തിലൂടെ നീന്തിക്കയറാറുള്ള തനിക്ക് ഇത്തവണ കുത്തൊഴുക്ക് കാരണം തൂണില്‍ പിടിച്ചുനില്‍ക്കേണ്ടിവന്നു. പക്ഷേ, നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പാലത്തില്‍ കുടുങ്ങിപ്പോയെന്നും മൂര്‍ത്തി ഒരു പ്രാദേശിക വാര്‍ത്താചാനലിനോട് പറഞ്ഞു. 

ക്ഷേത്രത്തിലെ പൂജാരിയായി ജോലിചെയ്യുന്ന വെങ്കടേഷ് മൂര്‍ത്തി കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സൈക്കിളില്‍ സഞ്ചരിച്ച് നേരത്തെ വാര്‍ത്തകളിലിടം നേടിയിരുന്നു. പതിനായിരം കിലോമീറ്ററിലേറെ ദൂരമാണ് അദ്ദേഹം സൈക്കിളില്‍ സഞ്ചരിച്ച് കന്യാകുമാരി യാത്ര പൂര്‍ത്തിയാക്കിയത്. 

Content Highlights: 60 year old man jumps into kabani river, gone missing, after two days he returned back