ഹൈദരാബാദ്: തെലങ്കാനയിൽ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി വെടിവെച്ചു കൊലപ്പെടുത്തുമെന്ന് മന്ത്രി.

പീഡനക്കേസിലെ പ്രതിയെ തീർച്ചയായും പിടിച്ചിരിക്കും. അറസ്റ്റിന് ശേഷം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തും. തെലങ്കാന തൊഴിൽ മന്ത്രാലയ വകുപ്പ് മന്ത്രി മല്ല റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി മല്ല റെഡ്ഡി കൂട്ടിച്ചേർത്തു.

സമാന ആവശ്യവുമായി കോൺഗ്രസ് നേതാവ് രേവനാഥ് റെഡ്ഡിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിവാദപരാമർശം. അതേസമയം കുറ്റാരോപിതനായ വ്യക്തിയെ ഭുവനഗിരി ജില്ലയിലെ യാദ്രിയിൽ നിന്ന് അറസ്റ്റ് ചെയ്തതായാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

സെപ്റ്റംബർ 9നാണ് സൈദാബാദിൽ കേസിനാസ്പദമായ സംഭവം നടന്നത്. 27 വയസുകാരനായ പ്രതി അയൽവാസിയായ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

വൈകുന്നേരം 5 മണി മുതൽ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തിരച്ചിലിലാണ് അടുത്തുള്ള വീട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പരിശോധനയിൽ പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. 

Content Highlights: 6-year-old child rapist will be  killed in encounter - Telangana minister