ലഖ്നൗ: അയല്‍ക്കാരിയായ നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ ജില്ലയിലെ മഹാരാജ്പൂരില്‍ ശനിയാഴ്ചയായിരുന്നു സംഭവം.
ആറു വയസിനും 12 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കസ്റ്റഡിയിലുള്ളത്.
അക്രമത്തെ അതിജീവിച്ച നാലുവയസുകാരി കാണ്‍പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
ശനിയാഴ്ച വീടിനു പുറത്ത് കളിക്കുകയായിരുന്ന നാലുവയസുകാരിയെ അയല്‍ക്കാരായ ആണ്‍കുട്ടികള്‍ അടുത്തുള്ള സ്ഥലത്തേക്ക് കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന് രാകേഷ് മൗര്യ പറഞ്ഞു.
കടുത്ത രക്തസ്രാവത്തോടെ വീട്ടില്‍ തിരികെയെത്തിയ കുട്ടി മാതാപിതാക്കളോട് കാര്യം പറയുകയും ഇവര്‍ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ മഹാരാജ്പൂര് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ പിടിയിലായ നാലു കുട്ടികള്‍ക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കപ്പെട്ട കുട്ടികളെ കൗണ്‍സിലിങ്ങിനായി കറക്ഷണല്‍ ഹോമിലേക്കു മാറ്റി. ഇത്തരം കുറ്റകൃത്യങ്ങളിൽ പെട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞവരാണ് ഇവര്‍.
കൃത്യത്തിനു മുന്‍പ് നാലുപേരും ഫോണില്‍ അശ്ലീല വീഡിയോ കണ്ടിരുന്നുവെന്ന് കാണ്‍പുര്‍ എസ്.എസ്.പി അഖിലേഷ് കുമാര്‍ അറിയിച്ചു.
ഏതാനും ദിവസത്തെ കൗണ്‍സിലിങ്ങിന് ശേഷം ഇവരെ വീണ്ടും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും.