അഗര്‍ത്തല: ഗുജറാത്തിനും യുപിക്കും പിന്നാലെ ത്രിപുരയിലും ബിജെപിയിലേക്ക് എം.എല്‍.എമാരുടെ ഒഴുക്ക് തുടരുന്നു. ത്രിപുര നിയമസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ആറ് പേരും ഇന്ന് ബിജെപിയില്‍ ചേരും.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ഇവര്‍ ആറ് പേരും രാംനാഥ് കോവിന്ദിനാണ് വോട്ട് ചെയ്തത്. വിപ്പ് ലംഘിച്ചതിന് ആറ് പേരെയും മമത ബാനര്‍ജി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. 

ത്രിപുര അസംബ്ലിയില്‍ ചരിത്രത്തിലാദ്യമായിട്ടാണ് ബിജെപി അക്കൗണ്ട് തുറക്കുന്നത്. 

കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഡല്‍ഹിയില്‍ സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ എംഎല്‍മാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ത്രിപുര തലസ്ഥാനമായ അഗര്‍ത്തലയില്‍ ബിജെപി വന്‍ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. 

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് തൃണമൂല്‍ സാമാജികരുടെ കൂടുമാറ്റം. 

കൂറുമാറിയ എംഎല്‍എമാര്‍ നേരത്തെ കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു. പശ്ചിമ ബംഗാള്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സംഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ കോണ്‍ഗ്രസ് വിട്ട് കഴിഞ്ഞ വര്‍ഷം തൃണമൂലില്‍ ചേര്‍ന്നത്. 

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം ലംഘിച്ചതോടെ ഇവരുമായി ബന്ധമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ വ്യക്താക്കിയിരുന്നു.

60 അംഗങ്ങളുള്ള ത്രിപുര നിയമസഭയില്‍ നിലവില്‍ 51 അംഗങ്ങളുള്ള ഇടതുപക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുണ്ട്. ആറു എംഎല്‍എമാരെ ലഭിക്കുന്നതോടെ ബിജെപി ഇവിടുത്തെ മുഖ്യപ്രതിപക്ഷമായി മാറുകയും ചെയ്യും.