ഇംഫാല്‍: മണിപ്പൂരില്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍. ബിരേണ്‍ സിങ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 16-നെതിരേ 28 വോട്ടുകള്‍ക്കാണ് സര്‍ക്കാര്‍ സഭയില്‍ വിശ്വാസം തെളിയിച്ചത്. സഭയില്‍ ബിരേണ്‍ സിങ് വിശ്വാസപ്രമേയം അവതരിപ്പിക്കുകയും തുടര്‍ന്നുനടന്ന ദീര്‍ഘമായ ചര്‍ച്ചയ്ക്ക് ശേഷം വോട്ടെടുപ്പ് നടക്കുകയുമായിരുന്നു.
പാര്‍ട്ടി വിപ്പ് ലംഘിച്ച് എട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നു. ഇവരില്‍ ആറുപേര്‍ പിന്നീട് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി.
ബിജെപി എംഎല്‍എമാര്‍ ഉള്‍പ്പെടെ ഭരണപക്ഷത്ത് നിന്ന് ഒമ്പതുപേര്‍ രാജിവെച്ചതോടെയാണ് സര്‍ക്കാര്‍ ന്യൂനപക്ഷമായത്. അധികാരത്തിന് പുറത്താകുമെന്ന് ഉറപ്പിച്ച സമയത്താണ് കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ബിരേണ്‍ സിങ് സഭയില്‍ ഭൂരിപക്ഷം തെളിയിച്ചത്.
60 അംഗ നിയമസഭയില്‍ 53 പേരായി അംഗബലം കുറഞ്ഞിരുന്നു. നാലുപേരെ അയോഗ്യരാക്കുകയും മൂന്ന് ബിജെപി എംഎല്‍എമാര്‍ രാജിവെക്കുകയും ചെയ്തതോടെയാണ് അംഗസഖ്യ ഇത്രയും കുറഞ്ഞത്.
ഇതോടെ ഭരണപക്ഷത്ത് സ്പീക്കര്‍ ഉള്‍പ്പെടെ 29 എംഎല്‍എമാരും പ്രതിപക്ഷമായ കോണ്‍ഗ്രസിന് 24 എംഎല്‍എമാരും എന്ന നിലയിലായി. ഇതിനിടെയാണ് രാജിവെച്ചവര്‍ കോണ്‍ഗ്രസില്‍ ചേരുകയും സഖ്യകക്ഷികളില്‍ പെട്ട ആറ് എം.എല്‍.എ.മാര്‍ ബിരേണ്‍ സിങ് സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിക്കുകയും ചെയ്ത്.
മൂന്ന് മന്ത്രിമാരുള്‍പ്പെടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ (എന്‍.പി.പി.) നാല് എം.എല്‍.എ.മാരും ഒരു തൃണമൂല്‍ എം.എല്‍.എ.യും ഒരു സ്വതന്ത്ര എം.എല്‍.എ.യുമാണ് പിന്തുണ പിന്‍വലിച്ചത്.
ഇതോടെ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ സഖ്യകക്ഷികളെ ഒപ്പം നിര്‍ത്താന്‍ സുദീര്‍ഘമായ ചച്ചകളിലൂടെ സാധിച്ചത് പിന്നാലെ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പങ്കെടുക്കാതിരുന്നതോടെ ബീരേണ്‍ സിങ് അനായാസം പ്രതിസന്ധി അതിജീവിച്ചു. ഇതോടെ വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്റെ 16 പേര്‍ മാത്രമേ പങ്കെടുത്തുള്ളൂ.
2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്നാണ് ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിച്ചത്. കോണ്‍ഗ്രസ് 28 സീറ്റ് നേടിയിരുന്നു. എന്നാല്‍ 21 സീറ്റ് നേടിയ ബി.ജെ.പി. നാഗാ പീപ്പീള്‍സ് പാര്‍ട്ടിയുടെയും എന്‍.പി.പി.യുടെയും എല്‍.ജെ.പി.യുടെയും പിന്തുണയോടെ അധികാരം പിടിക്കുകയായിരുന്നു.
Content Highlights: 6 Congress MLAs Resign; N Biren Singh-led BJP Govt Wins Easy Trust Vote