ന്യൂഡല്‍ഹി: വിദേശധനസഹായം പറ്റുന്ന 6000 ത്തോളം സന്നദ്ധ സംഘടനകളുടെ(എന്‍.ജി.ഒ) ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കിയേക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരവ് ചിലവ് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാത്തതിന് ആഭ്യന്തര മന്ത്രാലയം സന്നദ്ധ സംഘടനകളോട് വിശദീകരണം ചോദിച്ചിരുന്നു.
ജൂലൈ എട്ടിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനുള്ള അവസാന തീയതി ജൂലൈ 23 ആണ്. ഈ വര്‍ഷം മെയില്‍ 18,523 സന്നദ്ധസംഘടനകള്‍ക്ക് വരവ് ചിലവ് കണക്കുകള്‍ ഹാജരാക്കാന്‍ ആഭ്യന്തര മന്ത്രാലയം ഒരവസരം കൂടി നല്‍കിയിരുന്നു. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ഈ സംഘടനകള്‍ 2010 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.
ജൂണ്‍ 14ന് മുമ്പ് സംഘടനകള്‍ക്ക് വിവരങ്ങള്‍ അറിയിക്കാനുള്ള അവസരമാണ് നല്‍കിയിരുന്നത്. ഇത് സംബന്ധിച്ച് ഇ-മെയില്‍ വഴിയും എസ്എംഎസ് വഴിയും അറിയിപ്പും നല്‍കിയിരുന്നു.
നോട്ടീസ് നല്‍കിയ ശേഷവും 5922 സംഘടനകള്‍ അവരുടെ വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഇവരുടെ എഫ്സിആര്‍എ രജിസ്ട്രേഷന്‍ റദ്ദാക്കാതിരിക്കാനുള്ള കാരണം അറിയിക്കാനുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവര്‍ നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.