ന്യൂഡൽഹി: അയോധ്യ തർക്കഭൂമി സംബന്ധിച്ച കേസിലെ അന്തിമ വിധി പ്രഖ്യാപിച്ചതിന് പിന്നാലെ ആഡംബര ഹോട്ടലിൽ ഒത്തുകൂടിയത് ആഘോഷത്തിന്റെ ഭാഗമായിട്ടല്ലെന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. എൻഡിടിവിയുടെ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
"അയോധ്യ വിധിയ്ക്ക് ശേഷം ആഡംബര ഹോട്ടലിൽ നടന്നത് ഒരു ആഘോഷമല്ലായിരുന്നു. സുഹൃത്തുക്കളുമായി പുറത്തുപോകുമ്പോൾ പുറത്തുനിന്നുള്ള ഭക്ഷണം കഴിച്ചു നോക്കാറില്ലേ? അതുപോലെ ഒന്നായിരുന്നു. വിധിപ്രസ്താവനയിലുണ്ടായിരുന്ന എല്ലാ ജഡ്ജിമാരും വിധിയുമായി ബന്ധപ്പെട്ട് നാല് മാസത്തിലേറെയായി നിരന്തരം ജോലിചെയ്തു വരികയായിരുന്നു. ഇതിൽനിന്നൊരു ഇടവേള അത്യാവശ്യമാണെന്ന് ഞങ്ങൾ കരുതി. ഞങ്ങൾ തെറ്റായ കാര്യമൊന്നുമല്ലല്ലോ ചെയ്തത്?", അദ്ദേഹം അഭിമുഖത്തിൽ ചോദിച്ചു.
ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയി, വിധിപറഞ്ഞ ബെഞ്ചിലെ തന്റെ സഹപ്രവര്‍ത്തകർക്ക് ഹോട്ടല്‍ താജ് മാന്‍സിങ്ങില്‍ വിരുന്ന് നല്‍കിയതായി അദ്ദേഹം തന്റെ ആത്മകഥയിൽ വെളിപ്പെടുത്തിയിരുന്നു. നിലവിലെ രാജ്യസഭാംഗം കൂടിയായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി 'ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ്' എന്ന തന്റെ ആത്മകഥയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'വിധി പ്രസ്താവത്തിന് ശേഷം ഒന്നാം നമ്പര്‍ കോടതിക്ക് പുറത്തുള്ള ജഡ്ജിമാരുടെ ഗാലറിയില്‍ അശോകചക്രത്തിന് താഴെയായി സെക്രട്ടറി ജനറല്‍ ഒരു ഫോട്ടോ സെഷന് സംഘടിപ്പിച്ചു. അന്ന് വൈകുന്നേരം, ജഡ്ജിമാരെ അത്താഴത്തിന് താജ് മാന്‍സിങ് ഹോട്ടലിലേക്ക് കൊണ്ടുപോയി. ഞങ്ങള്‍ ചൈനീസ് ഭക്ഷണം കഴിച്ചു. ഒപ്പം അവിടെയുള്ളതില്‍ ഏറ്റവും മികച്ച ഒരു ബോട്ടില്‍ വൈനും പങ്കിട്ടു. കൂട്ടത്തില്‍ മുതിര്ന്നവന് ഞാനായതിനാല്‍ ബില്ല് ഞാന്‍ നല്കി' എന്നായിരുന്നു അദ്ദേഹം തന്റെ ആത്മകഥയിൽ എഴുതിയത്.
അയോധ്യാ വിധിപ്രസ്താവം നടത്തിയ, ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ബോബ്ഡെ പിന്നീട് ചീഫ് ജസ്റ്റിസായാണ് വിരമിച്ചത്.
Content Highlights: 5-Star Meal, Wine, Not Celebration Of Ayodhya Order - Gogoi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..