representational image, courtesy; PTI
ന്യൂഡല്‍ഹി: സംസ്ഥാനത്തെ മുഴുവന്‍ കോവിഡ് രോഗികള്‍ക്കും അഞ്ച് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാളിന്റെ ഉത്തരവ് പിന്‍വലിച്ചു. വിവാദ ഉത്തരവിനെതിരേ കെജ്‌രിവാള്‍ സര്‍ക്കാര്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ലഫ്. ഗവര്‍ണര്‍ ഉത്തരവ് പിന്‍വലിച്ചത്.
കോവിഡ് രോഗികളെ ഹോം ക്വാറന്റീന് അയക്കുന്നതിന് മുമ്പായി അഞ്ചു ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നല്‍കണമെന്ന ഉത്തരവ് വെള്ളിയാഴ്ചയാണ് ലഫ്. ഗവര്‍ണര്‍ പുറത്തിറക്കിയിരുന്നത്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികള്‍ക്ക് ഹോം ക്വാറന്റീന്‍ മതിയെന്ന് ഐസിഎംആര്‍ നിര്‍ദേശമുള്ളപ്പോള്‍ ഡല്‍ഹിക്ക് മാത്രമായി പ്രത്യേക ക്വാറന്റീന്‍ മാനദണ്ഡം ഇറക്കിയ തീരുമാനത്തെ മുഖ്യമന്ത്രി കെജ്‌രിവാള്‍ കടുത്ത ഭാഷയില്‍ എതിര്‍ത്തിരുന്നു. മുഴുവന്‍ കോവിഡ് രോഗികള്‍ക്കുമുള്ള ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ എളുപ്പമല്ലെന്നും കെജ്‌രിവാള്‍ പരസ്യമായി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വിവാദ ഉത്തരവ് ലഫ്.ഗവര്‍ണര്‍ പിന്‍വലിച്ചത്.
ക്ലിനിക്കല്‍ പരിശോധനയില്‍ ആശുപത്രി ചികിത്സ ആവശ്യമില്ലെന്ന് കണ്ടെത്തുന്ന കോവിഡ് രോഗികളില്‍ വീടുകളില്‍ ഹോം ഐസൊലേഷന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് മാത്രമേ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ ആവശ്യമുള്ളുവെന്നും ഉത്തരവ് പിന്‍വലിച്ചതിന് പിന്നാലെ ലഫ്. ഗവര്‍ണര്‍ ട്വീറ്ററിലൂടെ വ്യക്തമാക്കി. ഉത്തരവ് പിന്‍വലിച്ച ലഫ്. ഗവര്‍ണറുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായും ഹോം ക്വാറന്റീന്‍ സംവിധാനം തുടരുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും വ്യക്തമാക്കി.
അതേസമയം ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുകയാണ്. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡല്‍ഹിയിലാണ്. നിലവില്‍ 53116 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2035 മരണവും റിപ്പോര്‍ട്ട് ചെയ്തു.
content highlights: 5-Day Mandatory Institutional Quarantine Order In Delhi Withdrawn
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..