മുംബൈ: രാജ്യത്ത് കോവിഡ് 19 വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനിടെ മഹാരാഷ്ട്രയില്‍ പ്രതിദിന രോഗികളുടെ എണ്ണം 58,993 ആയി. വെള്ളിയാഴ്ച 301 പേര്‍ രോഗബാധ മൂലം മരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. രോഗബാധ ഈ വിധത്തില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ രോഗികളുടെ എണ്ണം ഏപ്രില്‍ അവസാനത്തോടെ 10 ലക്ഷം കടക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

മുംബൈയില്‍ മാത്രം 9,202 പേര്‍ക്ക് കോവഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. 35 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മുംബൈയില്‍ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. മരണം 11,916-ഉം ആയി. വ്യാഴാഴ്ച 8,938 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയുകം 25 പേര്‍ മരിക്കുകയും ചെയ്തിരുന്നു.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് 3,288,540 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 57,329 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ വ്യാഴാഴ്ച 56,286 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 376 മരണവും വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത 59,907 രോഗബാധയാണ് സംസ്ഥാനത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്ക്.

രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ഏപ്രില്‍ 30 ഓടെ രോഗികളുടെ എണ്ണം 1,100,000 ആകുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോവിഡിന്റെ ആദ്യ തരംഗത്തെ അപേക്ഷിച്ച് 50 ശതമാനം അധിക രോഗബാധയാണ് രണ്ടാം തരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ നിരക്കില്‍ രോഗികളുടെ എണ്ണം ഉയരുകയാണെങ്കില്‍ ഏപ്രില്‍ 17ഓടെ 568,000 സജീവ രോഗികള്‍ സംസ്ഥാനത്ത് ഉണ്ടാവുമെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രദീപ് വ്യാസ് വ്യക്തമാക്കി.

Content Highlights: 58,993 fresh Covid-19 cases in Maharashtra