ന്യൂഡല്‍ഹി: ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 25 വരെയുള്ള കാലയളവില്‍ കോവിഡ്-19 മൂലം രാജ്യത്ത് അനാഥരായത് 577 കുട്ടികള്‍. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മൂലം മാതാപിതാക്കള്‍ ഇരുവരേയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പിന്തുണയും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് എല്ലാ വിധ സംരക്ഷണവും പിന്തുണയും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെട്ടിരിക്കുന്നു. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെ 577 കുട്ടികള്‍ രാജ്യത്തൊട്ടാകെ അനാഥരായതായി വിവിധ സംസ്ഥാനസര്‍ക്കാരുകളും കേന്ദഭരണ പ്രദേശങ്ങളും നല്‍കിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. 

ഈ കുട്ടികളെല്ലാം നിലവില്‍ അതാത് ജില്ലാ അധികൃതരുടെ നിരീക്ഷണത്തിലും സംരക്ഷണത്തിലുമാണുള്ളത്. ഏതെങ്കിലും കുട്ടികള്‍ക്ക് കൗണ്‍സിലിങ് ആവശ്യമാകുന്ന പക്ഷം നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസിലെ(NIMHANS) വിദഗ്ധസംഘത്തിന്റെ സേവനം ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു. ഈ കുട്ടികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനായി തദ്ദേശ ഭരണകൂടങ്ങളുടെ പക്കലുള്ള ഫണ്ട് നിലവില്‍ പര്യാപ്തമാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

വനിതാ-ശിശുക്ഷേമ മന്ത്രാലയം സംസ്ഥാന-ജില്ലാ ഭരണകൂടങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും യൂനിസെഫ്(UNISEF) ഉള്‍പ്പെടെയുള്ള സംഘടനകളുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തതായായി വക്താവ് സൂചിപ്പിച്ചു. കോവിഡ് മൂലം അനാഥരായ കുട്ടികളെ കുറിച്ച് മുറവിളി കൂട്ടുന്ന ചില സന്നദ്ധപ്രവര്‍ത്തകര്‍ അത്തരം കുട്ടികളെ കുറിച്ച് യാതൊരു വിവരവും ആവശ്യപ്പെട്ടിട്ടും ഇതുവരെ നല്‍കാത്തത് നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് മന്ത്രാലയം വക്താവ് വ്യക്തമാക്കി. 

ഒമ്പത് രാജ്യങ്ങളിലായി പത്ത് വണ്‍-സ്റ്റോപ്പ് സെന്ററുകള്‍(OCS) ആരംഭിക്കാന്‍ ഇന്ത്യ പദ്ധതി തയ്യാറാക്കുന്നതായി വനിതാ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി രാം മോഹന്‍ മിശ്ര അറിയിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പദ്ധതിയില്‍ ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, യുഎഇ, ഓസ്‌ട്രേലിയ, കാനഡ, സിംഗപ്പുര്‍ എന്നിവടങ്ങളില്‍ ഓരോന്നും സൗദി അറേബ്യയില്‍ രണ്ട് ഒസിഎസ്സുകള്‍ ആരംഭിക്കും. ഇന്ത്യയിലുടനീളം 300 ഒസിഎസ്സുകള്‍ക്കാണ് പദ്ധതി. വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെ പിന്തുണയില്‍ വിദേശകാര്യ മന്ത്രാലയം ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമേല്‍നോട്ടം നിര്‍വഹിക്കുമെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. 

 

 

Content Highlights: 577 Children Orphaned Due To Covid-19 Since April 1 Tweets Smriti Irani