ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് അഭിയാന്റെ കീഴിലുള്ള രാജ്യത്തെ 93 ശതമാനം മുനിസിപ്പല്‍ കൗണ്‍സിലുകളിലെ വീടുകളില്‍ നിന്ന് ദിവസേനെ ശേഖരിക്കുന്ന മാലിന്യങ്ങളില്‍ സംസ്‌കരിക്കുന്നത് 57 ശതമാനം മാത്രം. കേന്ദ്ര ഭവന, നഗരവികസന മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

മന്ത്രാലയം സമീപകാലത്ത് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഈ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ മാലിന്യം വിജയകരമായി സംസ്‌കരിക്കുന്നതില്‍ ചത്തീസ്ഗഢാണ് ഒന്നാമത്. 

വലിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും ഈ പട്ടികയില്‍ ഏറെ പിറകിലാണ്. കണക്കുകള്‍ പ്രകാരം രാജ്യത്ത് പ്രതിദിനം 1.48 ലക്ഷം ടണ്‍ മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നു, അതില്‍ 57 ശതമാനവും പുനരുപയോഗം ചെയ്യുകയോ സംസ്‌കരിക്കുകയോ ചെയ്യുന്നു.

ബാക്കി വരുന്ന മാലിന്യങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളില്‍ നിറയുന്നു. ഛത്തീസ്ഗഢ്‌, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക തുടങ്ങി 14 സംസ്ഥാനങ്ങളാണ് എല്ലാ മുനിസിപ്പല്‍ കൗണ്‍സിലുകളിലയും വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുക എന്ന ലക്ഷ്യം വിജയകരമായി നടപ്പാക്കുന്നത്. കൂടുതല്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും മോശം സംസ്‌കരണ സൗകര്യങ്ങളുള്ളത്.

2022 ഓടെ രാജ്യത്തുടനീളം 100 ശതമാനം മാലിന്യ സംസ്‌കരണം നടത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയം പറയുന്നു.

content highlights: 57% waste processed in country; Chhattisgarh most efficient