പലിഗഞ്ചിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവരുടെ ശരീര താപനില പരിശോധിക്കുന്നു | ഫോട്ടോ: എ.പി
പട്‌ന: കോവിഡ് വ്യാപനത്തിനിടെ നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ 53.54 ശതമാനം പോളിങ് രേഖപ്പെടുത്തി. 71 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. പോളിങ് സമാധാനപരമായിരുന്നുവെന്നും കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സംസ്ഥാനത്തെ 16 ജില്ലകളിലെ വോട്ടര്‍മാരാണ് ഒന്നാംഘട്ടത്തില്‍ പോളിങ് ബൂത്തുകളില്‍ എത്തിയത്. 2.14 കോടി വോട്ടര്‍മാര്‍ക്കുവേണ്ടി 31,371 പോളിങ് ബൂത്തുകളാണ് ഒന്നാംഘട്ടത്തില്‍ സജ്ജമാക്കിയിരുന്നത്. 1066 സ്ഥാനാര്‍ഥികള്‍ ജനവിധി തേടി. ഇതില്‍ 114 പേര്‍ സ്ത്രീകളാണ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ പോളിങ്ങിന്റെ തുടക്കത്തില്‍ പലസ്ഥലത്തും പ്രവര്‍ത്തന രഹിതമായെങ്കിലും പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ പറഞ്ഞു. പോളിങ് ബൂത്തുകളില്‍ സുരക്ഷയ്ക്കായി അര്‍ധസൈനിക വിഭാഗത്തെ നിയോഗിച്ചിരുന്നു.
കോവിഡ് വ്യാപനം തടയുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ അടക്കമുള്ളവ പരിഗണിച്ച് ചില സ്ഥലങ്ങളില്‍ വൈകീട്ട് മൂന്ന് വരെയും ചില സ്ഥലങ്ങളില്‍ നാല് വരെയും 36 സീറ്റുകളില്‍ വൈകീട്ട് ആറുവരെയും പോളിങ് തുടര്‍ന്നു.
ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ രാജ്യാന്തര ഷൂട്ടര്‍ ശ്രേയസി സിങ് ബിജെപി ടിക്കറ്റില്‍ ജാമുയി മണ്ഡലത്തില്‍നിന്ന് ജനവിധി തേടി. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയും ഒന്നാംഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖരില്‍ ഉള്‍പ്പെടുന്നു. മൂന്ന് ഘട്ടങ്ങളായാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.
നാലാം തവണയും മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജനവിധി തേടുന്നത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവാണ് നിതീഷിന്റെ എതിരാളി. പത്തു ലക്ഷം തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് തേജസ്വി പ്രചാരണം നടത്തിയത്. നിതീഷ് കുമാറിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാനാണ് തിരഞ്ഞെടുപ്പിലെ മറ്റൊരുതാരം.
Content Highlights; 53.54% vote in 'peaceful' first phase of polling in Bihar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..