Photo: ANI
ഭുവനേശ്വര്‍: ഒഡീഷയിലെ മഹാനദിയില്‍ വെള്ളത്തില്‍ മുങ്ങിയ 500 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി. 1933-ലെ വെള്ളപ്പൊക്കത്തിലാണ് ക്ഷേത്രം വെള്ളത്തില്‍ മുങ്ങിയതെന്നാണ് ഗവേഷകര്‍ പറയുന്നത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നദി ഗതി മാറി ഒഴികിയതോടെയാണ് നയാഗ്രയില്‍ ഒരു ഗ്രാമവും ക്ഷേത്രവും വെള്ളത്തില്‍ മുങ്ങിയത്.
ചെറിയ ഭാഗം വെള്ളത്തിന് പുറത്ത് ദൃശ്യമായതിനെ തുടര്‍ന്നാണ് ക്ഷേത്രം കണ്ടെത്തിയതെന്ന് ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജിന്റെ (ഇന്‍ടാച്ച്) പുരാവസ്തു സര്‍വേ സംഘം പറഞ്ഞു. 'ക്ഷേത്രത്തിന് 450 മുതല്‍ 500 വര്‍ഷം വരെ പഴക്കമുണ്ട്. ക്ഷേത്രത്തിലെ വിഗ്രഹം മറ്റൊരു ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയി.'- ഇന്‍ടാച്ച് ചീഫ് അനില്‍ കുമാര്‍ ധീര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
"ക്ഷേത്രത്തിന്റെ മുകള്‍ ഭാഗം കാണാമെന്ന് ഒരാഴ്ച മുമ്പാണ് വിവരം ലഭിച്ചത്. ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണന്‍ ആണ്. ക്ഷേത്രത്തിന് കാര്യമായ പ്രശ്‌നങ്ങളില്ല. പുതിയ സാങ്കേതികവിദ്യ കൊണ്ട് ഇത് പുനസ്ഥാപിക്കാന്‍ സാധിക്കും. വെള്ളത്തില്‍ മുങ്ങിയ ആദ്യത്തെ ക്ഷേത്രമല്ല ഇത്."- അനില്‍ കുമാര്‍ ധീര്‍ കൂട്ടിച്ചേര്‍ത്തു.
ഏകദേശം 11 വര്‍ഷം മുമ്പ് ക്ഷേത്രത്തിന്റെ മുകള്‍ഭാഗം ജലനിരപ്പിന് മുകളില്‍ കാണാന്‍ സാധിച്ചിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 55 മുതല്‍ 60 അടി വരെ ഉയരമുള്ള ക്ഷേത്രം പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ നിര്‍മിച്ചതാണെന്നാണ് കണക്കാക്കുന്നത്. ക്ഷേത്രത്തിന്റെ മുകള്‍ ഭാഗത്തെ നിര്‍മാണ രീതിയും ഉപയോഗിച്ച കെട്ടിട സാമഗ്രികളും ഇതാണ് സൂചിപ്പിക്കുന്നത്.
Content Highlights: 500-Year-Old Temple, Submerged In Odisha's Mahanadi River, Found
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..