ബല്‍റാംപുര്‍ (യു.പി): പ്രൈമറി സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് 50 കുട്ടികള്‍ക്ക് ഷോക്കേറ്റു. ഉത്തര്‍പ്രദേശിലെ നയാനഗര്‍ വിഷ്ണുപുര്‍ പ്രദേശത്തെ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളില്‍ ആരുടെയും നില ഗുരുതരമല്ല.
വൈദ്യുതി ലൈന്‍ പൊട്ടിവീണ സ്ഥലത്ത് കുട്ടികളാരും ഉണ്ടായിരുന്നില്ല. എന്നാല്‍ സ്കൂള്‍ കോമ്പൗണ്ടില്‍ മഴവെള്ളം കെട്ടിനിന്നിരുന്നതിനാലാണ് കുട്ടികള്‍ക്ക് ഷോക്കേറ്റതെന്ന് ജില്ലാ മജിസ്ട്രേട്ട് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളെയെല്ലാം പരിക്കുകളോടെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ രണ്ട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഉത്തരവാദികളായ എന്‍ജിനിയര്‍മാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സ്കൂളുകള്‍ക്ക് സമീപത്തുകൂടി കടന്നുപോകുന്ന എല്ലാ വൈദ്യുതി ലൈനുകളും അടിയന്തരമായ മാറ്റിസ്ഥാപിക്കാന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ മജിസ്ട്രേട്ട് അറിയിച്ചു.
Content Highlights: 50 students injured after high tension wire falls in to UP school, UP