ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സാധാരണക്കാരുടെ പ്രതിനിധികളായ 50 'വിശിഷ്ടാതിഥികള്‍' മന്ത്രിമാര്‍ക്കൊപ്പം വേദി പങ്കിടും. അംഗനവാടി വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ബസ് മാര്‍ഷലുകള്‍, പൊതുഗതാഗത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍, കര്‍ഷകര്‍, ആരോഗ്യ - വിദ്യാഭ്യാസ മേഖലകളില്‍ ഉള്ളവര്‍ തുടങ്ങിയവരുടെ പ്രതിനവിധികളെയാവും വിശിഷ്ടാതിഥികളായി ക്ഷണിക്കുക.

ഡല്‍ഹിയുടെ വികസനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നവരാണ് ഇവരെന്ന് മനീഷ് സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇവരുടെയെല്ലാം പ്രതിനിധികള്‍ വേദിയില്‍ ഉണ്ടാവുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.

അധ്യാപകര്‍, സിഗ്നേച്ചര്‍ ബ്രിഡ്ജിന്റെ ആര്‍ക്കിടെക്ടുമാര്‍, ജോലിക്കിടെ മരണമടഞ്ഞ അഗ്നിശമന സേനാംഗങ്ങളുടെ കുടുംബാംഗങ്ങള്‍, ബസ് ഡ്രൈവര്‍മാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, മെട്രോ ഡ്രൈവര്‍മാര്‍, വിദ്യാര്‍ഥികള്‍, മഹിളാ ക്ലിനിക്കുകളിലെ ഡോക്ടര്‍മാര്‍, ബൈക്ക് ആംബുലന്‍സ് റൈഡര്‍മാര്‍, എന്നിവരെയെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാനാണ് നീക്കം.

ഞായറാഴ്ച ഡല്‍ഹിയിലെ രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. കെജ്‌രിവാളിനൊപ്പം ആറ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 ല്‍ 62 സീറ്റുകളും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തുന്നത്. എട്ട് സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.

Content Highlights: 50 'special guests' to share stage with Kejriwal on Sunday