ന്യൂഡല്‍ഹി: 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 50 ശതമാനത്തിനും ആദ്യ ഡോസ് വാക്‌സിൻ നല‍്കി ഇന്ത്യ. കോവിഡ്-19 വാക്‌സിനേഷനുകളുടെ ആകെ എണ്ണം 61 കോടി പിന്നിട്ടതായി കേന്ദ്രസർക്കാർ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരില്‍ വാക്സിൻ സ്വീകരിച്ചവർ 99 ശതമാനവും കോവിഡ് മുന്നണി പോരാളികളില്‍ ഇത് 100 ശതമാനവുമാണ്. ഈ വര്‍ഷം ജനുവരി 16നാണ് രാജ്യത്ത് വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിച്ചത്. 

നിലവില്‍ രാജ്യത്ത് 47.3 കോടി ആളുകള്‍ ഒരു ഡോസും 13 കോടി പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. ആരോഗ്യമന്ത്രി മനസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡ് മൂന്നാം തരംഗമുണ്ടായാല്‍ പിടിച്ചുനില്‍ക്കാനായി ഇന്ത്യ കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കിയിട്ടുണ്ട്. ആദ്യത്തെ പത്ത് കോടി ഡോസ് വാക്‌സിനേഷന് 85 ദിവസങ്ങളെടുത്തുവെങ്കില്‍ അവസാന പത്ത് കോടി ഡോസിന് വേണ്ടിവന്നത് വെറും 19 ദിവസം മാത്രമാണ്. 

ഓഗസ്റ്റ് മാസത്തില്‍ പ്രതിദിനം ശരാശരി 52.16 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് വാക്സിന്‍ നല്‍കുന്നത്. ജൂണില്‍ ഇത് 39.38 ലക്ഷവും ജൂലായില്‍ 43.41 ലക്ഷവുമായിരുന്നു. ഒക്ടോബറോടെ രാജ്യത്തെ വാക്‌സിന്‍ വിതരണം കൂടുതല്‍ വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 79,48,439 ഡോസുള്‍ പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് 66,60,983 സെഷനുകളിലൂടെ ആകെ 61.22 കോടിയിലേറെ (61,22,08,542) ഡോസ് വാക്സിന്‍ നല്‍കി. ഇന്നു രാവിലെ 8 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,56,368
രണ്ടാം ഡോസ് 82,94,906

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,83,14,369
രണ്ടാം ഡോസ് 1,28,61,222

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 23,25,61,664
രണ്ടാം ഡോസ് 2,34,57,529

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 12,65,76,574
രണ്ടാം ഡോസ് 5,13,99,879

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 8,50,29,798
രണ്ടാം ഡോസ് 4,33,56,233

ആകെ 61,22,08,542

Content Highlights: 50 percentage of total population in India jabbed first dose vaccine