ന്യൂഡല്‍ഹി: സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള സംവരണം 50 ശതമാനമാക്കി നിശ്ചയിച്ച 1992ലെ കോടതി വിധി പുനഃപരിശോധിക്കാവുന്നതാണെന്ന് സുപ്രീം കോടതി. നിലവിലുള്ള 50 ശതമാനം എന്ന പരിധിക്കു മേല്‍ സംവരണം അനുവദിക്കുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് നല്‍കി.

മറാത്ത സംവരണത്തിന്റെ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഇന്ദ്ര സാഹ്നി കേസിലെ വിധിയില്‍ പുനഃപരിശോധന നടത്താമെന്ന് കോടതി നിരീക്ഷിച്ചത്. സംവരണം സംബന്ധിച്ച വിഷയം ഏതെങ്കിലും ഒരു സംസ്ഥാനത്തിനു മാത്രം ബാധകമായ കാര്യമല്ലെന്നും അതിനാല്‍ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം കേള്‍ക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

1992ലെ ഇന്ദ്ര സാഹ്നി കേസിലെ വിധിന്യായം പരിശോധിക്കുന്നതിന് ഒരു വലിയ ബെഞ്ചിന് വിടാനും മാര്‍ച്ച് 15 മുതല്‍ ഇതില്‍ എല്ലാ ദിവസവും വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. 50 ശതമാനത്തിന് മുകളിലുള്ള സംവരണം ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യാവകാശത്തിന്റെ ലംഘനമാണെന്ന് ഇന്ദ്ര സാഹ്നി കേസില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ കേസോടെയാണ് കോടതി സംവരണത്തിന് പരിധി നിശ്ചയിച്ചത്.

മറാത്ത സമുദായത്തിന് വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി എന്നിവയില്‍ 12-13 ശതമാനം സംവരണം നല്‍കുന്ന മഹാരാഷ്ട്രയിലെ നിയമം കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി റദ്ദ് ചെയ്തിരുന്നു. സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയോ സര്‍ക്കാര്‍ സര്‍വീസിലെ സമുദായത്തിന്റെ പ്രാതിനിധ്യക്കുറവോ ചൂണ്ടിക്കാട്ടി 50 ശതമാനം എന്ന സംവരണ പരിധി ലംഘിക്കാനാവില്ലെന്നും അന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: 50 per cent cap on reservation could be re-examined- SC; issues notice to states/UTs