ലക്നൗ: പുണെയിൽനിന്ന് ഉത്തർപ്രദേശിലെ ബാസ്തി ജില്ലയിലേക്ക് തിരിച്ചെത്തിയ അമ്പതോളം കുടിയേറ്റ തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മേയ് 16ന് ജില്ലയിൽ തിരിച്ചെത്തി ആശുപത്രികളിൽ ക്വാറന്റീനിൽ കഴിഞ്ഞ കുടിയേറ്റ തൊഴിലാളികൾക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ ഉത്തർപ്രദേശിലേക്ക് തിരിച്ചെത്തി കോവിഡ് സ്ഥിരീകരിച്ച കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 109 ആയി വർധിച്ചു. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ കോവിഡ് കോസുകളിൽ വലിയ വർധനവുണ്ടാകുമെന്ന് ആശങ്കയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

ഗ്രാമങ്ങളിലേക്കടക്കം നിരവധി കുടിയേറ്റ തൊഴിലാളികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ പ്രയാസമാണെന്നും അതിനാൽ സംസ്ഥാനത്തെ കോവിഡ് പോസിറ്റീവ് കേസുകൾ ഉടൻ ഉയർന്നേക്കാമെന്നും ലക്നൗ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നരേന്ദ്ര അഗർവാൾ വ്യക്തമാക്കി.

നിലവിൽ ബാസ്തി മേഖലയിലുള്ള കുടിയേറ്റ തൊഴിലാളികൾക്കാണ് കൂടുതൽ രോഗം പിടിപെട്ടത്. പ്രതാപഗഢിൽ തിരിച്ചെത്തിയ 15 പേർക്കും ബാന്ദയിൽ 10 പേർക്കും സിതാപുരിൽ അഞ്ച് പേർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. അമേഠി, ഫറൂഖാബാദ്, കാൺപൂർ, ദേഹട്ട്, ഉന്നാവ് എന്നിവിടങ്ങളിൽ നാല് പേർക്ക് വീതവും രോഗം പിടിപെട്ടിട്ടുണ്ട്.

content highlights:50 Migrants Test Covid-19 Positive in UP's Basti District