ന്യൂഡല്‍ഹി:  കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്കെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ അസിം പ്രേംജി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ സസ്‌റ്റെയ്‌നബിള്‍ എംപ്ലോയ്‌മെന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. 2016 നവംബറില്‍ അപ്രതീക്ഷിതമായി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷമാണ് തൊഴില്‍ കുറയുന്ന സാഹചര്യമുണ്ടായതെന്നും എന്നാല്‍ നോട്ട് അസാധുവാക്കലിന് തൊഴില്‍ നഷ്ടപ്പെടുന്നതുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നും സ്റ്റേറ്റ് വര്‍ക്കിങ് ഇന്ത്യ-2019 എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജോലി നഷ്ടപ്പെടുതിന് നോട്ട് അസാധുവാക്കല്‍ കാരണമാകുകയോ ആകാതിരിക്കുകയോ ചെയ്തിട്ടുണ്ടാകാം. എന്നാല്‍ ഈ സ്ഥിതി ആശങ്കാജനകമാണെന്നും നയം മാറ്റം അനിവാര്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

2011 മുതല്‍ തൊഴിലില്ലായ്മയുടെ നിരക്ക് ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് കൂടുതലും തൊഴില്‍ രഹിതരായി തുടരുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതേസമയം വിദ്യാഭ്യാസം കുറഞ്ഞ അസംഘടിത മേഖലയിലുള്ളവര്‍ക്കാണ് കൂടുതലും തൊഴില്‍ നഷ്ടമായിട്ടുള്ളത്. തൊഴില്‍ ലഭിക്കാനുള്ള അവസരങ്ങള്‍ കുറഞ്ഞതാണ് ഇതിന് കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. 

നോട്ട് അസാധുവാക്കലും ചരക്കുസേവന നികുതി നടപ്പിലാക്കിയതും ഏറെയും ഇവരെയാണ് ബാധിച്ചത്. ഉന്നത വിദ്യാഭ്യാസം നേടിയവരില്‍ തൊഴില്‍ രഹിതര്‍ ഏറെയുണ്ടെങ്കിലും അവസരങ്ങള്‍ കൂടുതലുണ്ട്. തൊഴിലില്ലായ്മ മാത്രമല്ല ഇവരുടെ പ്രശ്‌നങ്ങള്‍. മറ്റുകാരണങ്ങളും ഇതിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Content Highlights: 50 Lakh men Lost Jobs Over 2 Years, Just After Notes Ban