ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍ കാരണം കോവിഡ് രണ്ടാം തരംഗത്തിനിടെ രാജ്യത്ത് 50 ലക്ഷത്തോളം ആളുകള്‍ മരിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ സംബന്ധിച്ച് വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട് ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ ആരോപണം. 

രാജ്യത്ത് ഇതുവരെ 4.18 ലക്ഷം പേര്‍ കോവിഡ് മൂലം മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയിലെ മരണസംഖ്യ. എന്നാല്‍ ഇതിന്റെ പത്തിരട്ടിയോളമാണ് യഥാര്‍ഥ മരണസംഖ്യയെന്നാണ് സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റിന്റെ പഠനം ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിലെ യഥാര്‍ഥ മരണ സംഖ്യ 34 ലക്ഷത്തിനും 49 ലക്ഷത്തിനും ഇടയിലായിരിക്കുമെന്നാണ് പഠനം പറയുന്നത്.

ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തിനിടെ മരണപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന കേന്ദ്ര നിലപാടിനെയും രാഹുല്‍ വിമര്‍ശിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കണ്ണീരില്‍ ഇതെല്ലാം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും  രാഹുല്‍ ട്വീറ്റ് ചെയ്തു. #FarmersProtest എന്ന ഹാഷ്ടാഗോടെയായിരുന്നു ട്വീറ്റ്.

content highlights: 50 lakh Indians died during second Covid wave due to Centre's wrong decisions, alleges Rahul Gandhi