കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം ഡോക്ടറുടെ മരണം; ഞായറാഴ്ച മാത്രം മരിച്ചത് 50 ഡോക്ടര്‍മാര്‍


പ്രതീകാത്മകചിത്രം | Photo : AP

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രധാന കോവിഡ് ചികിത്സാകേന്ദ്രങ്ങളിലൊന്നായ ഗുരു തേജ് ബഹാദുര്‍ ആശുപത്രിയിലെ ജൂനിയര്‍ റെസിഡന്റ് ഡോക്ടറായ അനസ് മുജാഹിദ് കോവിഡ് ബാധയെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച് മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോഴായിരുന്നു രോഗം മൂര്‍ച്ഛിച്ച് മുന്നണിപ്പോരാളിയായ ആ യുവാവിന്റെ മരണം. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ജീവന്‍ നഷ്ടമായ 244 ഡോക്ടര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഡോ. അനസ്.

മേയ് പതിനാറിന് മാത്രം രാജ്യത്തുടനീളം മരിച്ചത് അമ്പത് ഡോക്ടര്‍മാരാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ പറയുന്നു. കഴിഞ്ഞ കൊല്ലം 736 ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് ബാധ മൂലം ജീവഹാനി ഉണ്ടായത്. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതു വരെ മരിച്ച ഡോക്ടര്‍മാരുടെ എണ്ണം ആയിരം കടന്നിരിക്കുന്നു.

തൊണ്ടവേദന ഉള്‍പ്പെടെ വൈറസ് ബാധയുടെ നേരിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഡോ. അനസിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധയില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന പെട്ടെന്നുള്ള രോഗമൂര്‍ച്ഛയില്‍ മസ്തിഷ്‌കത്തിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു അനസിന്റെ മരണം. ഡോ. അനസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ല.

അനസ് മരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും സഹപ്രവര്‍ത്തനായ ഡോ. ആമിര്‍ സൊഹൈല്‍ ആ ഞെട്ടലില്‍നിന്ന് പുറത്ത് വന്നിട്ടില്ല. ഗുരുതരമായ ഒരു ലക്ഷണങ്ങളും അനസില്‍ പ്രകടമായിരുന്നില്ല. മറ്റേതെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ അനസിനുണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പറയുന്നു. പക്ഷെ, ഇതെങ്ങനെ സംഭവിച്ചു എന്ന കാര്യം ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ല- ഡോ. ആമിര്‍ സുബൈല്‍ പറയുന്നു.

അനസ് മാത്രമല്ല താനുള്‍പ്പെടെ പല സഹപ്രവര്‍ത്തകരും വാക്‌സിനെടുത്തിട്ടില്ലെന്ന് ഡോ. ആമിര്‍ പറയുന്നു. ഡ്യൂട്ടിക്കിടയിലെ വാക്‌സിനെടുപ്പ് ദൈര്‍ഘ്യമേറിയ പ്രവൃത്തിയാണെന്ന് ഡോ. ആമിര്‍ സൂചിപ്പിച്ചു. മേലധികാരികളെ വിവരമറിയിച്ച് അവരുടെ അനുമതി നേടുന്നതിന് സമയമെടുക്കുമെന്ന് ആമിര്‍ പറഞ്ഞു. അടുത്തു തന്നെ വാക്‌സിനെടുക്കുന്ന കാര്യം അനസ് ആലോചിച്ചിരുന്നതായി ഡോ. ആമിര്‍ കൂട്ടിച്ചേര്‍ത്തു.

ഡോ. ആമിറിനും ഒരു മാസം മുമ്പ് കോവിഡ് ബാധിച്ചിരുന്നു. മിതമായ രോഗലക്ഷണങ്ങളായിരുന്നു തനിക്കെന്നും ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു. എങ്കിലും ഒരു സഹപ്രവര്‍ത്തകന്‍ രോഗബാധിതനാണെന്ന് കണ്ടെത്തി മണിക്കൂറുകള്‍ക്കകം രോഗം ഗുരുതരമായി, മരണത്തിലേക്ക് നീങ്ങിയതിന്റെ ആഘാതത്തില്‍ നിന്ന് ഡോ. ആമിര്‍ ഇനിയും മോചനം നേടിയിട്ടില്ല.

രാജ്യത്ത് മൂന്ന് ശതമാനം ഡോക്ടര്‍മാര്‍ മാത്രമാണ് പൂര്‍ണമായ വാക്‌സിനേഷന്‍ നേടിയിട്ടുള്ളത്. ഞായറാഴ്ച മാത്രം കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത് അമ്പത് ഡോക്ടര്‍മാരാണ്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ജീവഹാനി സംഭവിച്ച 244 ഡോക്ടര്‍മാരില്‍ 69 പേര്‍ ബിഹാറില്‍ നിന്നാണ്. ഉത്തര്‍പ്രദേശില്‍ 34 ഡോക്ടര്‍മാരും ഡല്‍ഹിയില്‍ 27 ഡോക്ടര്‍മാരും കോവിഡ് പിടിപെട്ട് മരിച്ചതായാണ് കണക്ക്.

പല ഡോക്ടര്‍മാരും വാക്‌സിന്‍ നേടിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുള്ളതായും അവര്‍ക്ക് വേണ്ട വാക്‌സിനേഷന്‍ സൗകര്യമൊരുക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ (ഐ.എം.എ.) അറിയിച്ചു. രോഗികളെ അപേക്ഷിച്ച് ഡോക്ടര്‍മാരുടെ എണ്ണം വളരെ കുറവായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് പലപ്പോഴും 48 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നത് വൈറസ് ബാധിക്കുന്നതിനുള്ള പ്രധാനകാരണമാകാന്‍ ഇടയാക്കുന്നതായി ഐഎംഎ പറഞ്ഞു. ഡോക്ടര്‍മാരുടേയും മറ്റ് മുന്നണിപ്പോരാളികളുടേയും ജോലി ഭാരം കുറയ്ക്കാന്‍ കൂടുതല്‍ പേരെ സേവനത്തിനായി സര്‍ക്കാര്‍ നിയമിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

ആയിരത്തിലധികം ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് കണക്കെങ്കിലും യഥാര്‍ഥസംഖ്യ ഇതിലും കൂടുതലായിരിക്കാമെന്ന് ഐഎംഎ പറയുന്നു. 3.5 ലക്ഷം അംഗങ്ങളുടെ വിവരം മാത്രമാണ് ഐ.എം.എയുടെ പക്കലുള്ളത്. അതേസമയം, ഇന്ത്യയിലുടനീളം 12 ലക്ഷം ഡോക്ടര്‍മാര്‍ പ്രവര്‍ത്തിച്ചു വരുന്നതായാണ് കണക്ക്.

Content Highlights: 50 Doctors Reported Dead In 1 Day From Covid-19 Across India: IMA

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Congress

1 min

'പിണറായിയും കൂട്ടരും അക്രമം നിര്‍ത്തി മാപ്പ് പറയുംവരെ പ്രതിഷേധം'; വമ്പന്‍ പ്രകടനവുമായി കോണ്‍ഗ്രസ്

Jun 25, 2022

Most Commented