ന്യൂഡൽഹി: കര്‍ഷക സമരം 15ാം ദിവസവും പിന്നിടുമ്പോള്‍ സമരം അതിശക്തമാക്കി മുന്നോട്ടു കൊണ്ടുപോകുമെന്ന മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് കര്‍ഷകര്‍. പഞ്ചാബിലെ വിവിധ ജില്ലകളില്‍ നിന്നായി 50,000ത്തോളം കര്‍ഷകര്‍ 1200 ട്രാക്ടറുകളില്‍ കയറിയാണ് ഡല്‍ഹിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. അവസാന റിപ്പോര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ അവര്‍ മോഗയിലാണ്. 

ആറ് മാസത്തോളം ഉപയോഗിക്കാന്‍ കഴിയുന്ന ഭക്ഷണം കരുതിക്കൊണ്ടാണ് സമരമുഖത്തേക്ക് ഈ കര്‍ഷകര്‍ എത്തുന്നത്. "ഞങ്ങളെ കൊല്ലുന്നതിനെ കുറിച്ച് മോദി സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ. മറ്റെന്ത് സാഹചര്യം ഉടലെടുത്താലും ഞങ്ങളിനി തിരികെ പോകില്ല" , എന്നാണ് മസ്ദൂര്‍ സംഘര്‍ഷ് കമ്മറ്റി നേതാവ് സത്‌നം സിങ് പന്നു ദേശീയ മാധ്യമത്തോടു പ്രതികരിച്ചത്.

സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംയുക്ത കിസാന്‍ മോര്‍ച്ച കഴിഞ്ഞ ദിവസം റെയില്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച വരെയാണ് തങ്ങള്‍ കേന്ദ്രത്തിന് അന്ത്യശാസനം നല്‍കിയതെന്ന് കര്‍ഷക നേതാവ് ബൂട്ടാ സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനം ഇതുവരെയും ഉണ്ടാകാത്തതിനാല്‍ സമരം അതി ശക്തമായി മുന്നോട്ടു കൊണ്ട് പോകാനാണ് കര്‍ഷകരുടെ തീരുമാനം.

പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ വ്യാഴാഴ്ച മുതല്‍ ഡല്‍ഹിക്കു തിരിച്ചിട്ടുണ്ട്. സമരക്കാരെ തടയുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യരുതെന്ന് കര്‍ഷകനേതാക്കള്‍ സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. 
കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ കര്‍ഷകര്‍ക്ക് മുന്നിലേക്ക് ഒരു പ്രമേയം വെച്ചിട്ടുണ്ട്. അത് പരിഗണിക്കണമെന്നാണ് കര്‍ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. "ഞങ്ങള്‍ ചില ഓഫറുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒരു നിയമവും കുറ്റമറ്റതല്ല. കര്‍ഷകരെ ബാധിക്കുന്ന വ്യവസ്ഥകള്‍ എടുത്തുമാറ്റാന്‍ തയ്യാറാണ്" എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

കര്‍ഷക ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്നും വിഷയത്തില്‍ ഇടപെടണമെന്നും പറഞ്ഞു കൊണ്ട് കര്‍ഷക നേതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കര്‍ഷക സമരത്തെ പ്രതിരോധിക്കാന്‍ രാജ്യത്തുടനീളം കിസാന്‍ സഭകള്‍ ചേരാനാണ് ബിജെപിയുടെ തീരുമാനം. 

content highlights: 50,000 farmers on 1200 tractors carrying enough food head to Delhi