ഹൈദരാബാദ്: ചന്ദ്രശേഖരറാവു സര്‍ക്കാരിനെതിരെ സമരത്തിലുള്ള തെലങ്കാന സ്റ്റേറ്റ് റോഡ് കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ സംസ്ഥാനം നിശ്ചലമായി. ഓല, ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ളവരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഹൈദരാബാദ് ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ 32 ജില്ലകളിലും ജനജീവിതം തടസ്സപ്പെട്ടു.

രാവിലെ അഞ്ച് മണിയോടെയാണ് വാഹന പണിമുടക്ക് ആരംഭിച്ചത്. മിക്ക ബസ് ഡിപ്പോകളിലും സര്‍ക്കാര്‍ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. ഹൈദരാബാദിലെ ഏറ്റവും വലിയ ബസ് സ്റ്റഷനായ മഹാത്മാഗാന്ധി ബസ് സ്‌റ്റേഷനില്‍ നിന്ന് ഒരു ബസ് പോലും ഇന്ന് പുറപ്പെട്ടിട്ടില്ല. അന്തര്‍ സംസ്ഥാന ബസുകളും പണിമുടക്കിയിരുന്നു. ഒരു വിഭാഗം പ്രൈവറ്റ് ബസുകളും പണിമുടക്കിന്റെ ഭാഗമായി.

നേരത്തെ പണിമുടക്കിയ 48000 വരുന്ന ടി.എസ്.ആര്‍.ടി.സി ബസ് തൊഴിലാളികളെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് പകരം പ്രൈവറ്റ് ബസ് ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും സര്‍ക്കാര്‍ താല്‍ക്കാലികമായി നിയമിച്ചിരുന്നു. സംസ്ഥാനത്തെ പകുതിയോളം വരുന്ന സര്‍ക്കാര്‍ ബസുകള്‍ നിരത്തിലിറക്കിയിരുന്നത് ഇവരാണ്. ഈ ബസുകളും ഇന്ന് പ്രവര്‍ത്തിച്ചില്ല.

പണിമുടക്കിനെ തുടര്‍ന്ന് സ്‌കൂളുകളും കോളേജുകളും പ്രവര്‍ത്തിച്ചില്ല. എയര്‍പോര്‍ട്ടുകളിലേക്കും റെയില്‍വേ സ്‌റ്റേഷനുകളിലേക്കും സ്വകാര്യ വാഹനങ്ങലിലാണ് ആളുകള്‍ പോയത്. കോണ്‍ഗ്രസ്, ബി.ജെ.പി, ടി.ഡി.പി, ടി.ജെ.എസ്, സി.പി.എം എന്നീ പാര്‍ട്ടികളും എല്ലാ തൊഴിലാളി സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

പണിമുടക്ക് 15 ആം ദിവസത്തേക്ക് കടക്കവെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെ സര്‍ക്കാറുമായി ലയിപ്പിക്കുന്നത് ഉള്‍പ്പടെ തങ്ങളുടെ 26 ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പണിമുടക്കുന്ന ജീവനക്കാര്‍ ആവശ്യപ്പെട്ടു. സെപ്തംബര്‍ മാസത്തെ ശമ്പളം ലഭിത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച രണ്ട് ടി.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആത്മഹത്യ ചെയ്തിരുന്നു. സെപ്തംബര്‍ 28 ന് മുന്‍പായി സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ഹൈക്കോടതി തെലങ്കാന സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു.

 content highlights: 50,000 Cabs Go Off Telangana Roads As Transport Strike