ഷില്ലോങ്: അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കല്‍ക്കരിഖനിക്കുളളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി മേഘാലയ സര്‍ക്കാര്‍ നാവികസേനയുടെ സഹായം തേടി. 12 ദിവസമായി കിഴക്കന്‍ ജെയ്ന്തിയ ഹില്‍സ് ജില്ലയിലെ ഖനിക്കുളളില്‍ കുടുങ്ങിക്കിടക്കുകയാണ് അഞ്ചുതൊഴിലാളികള്‍. ഇത്ര ദിവസമായിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നാവികസേനയുടെ സഹായം മേഘാലയ തേടിയിരിക്കുന്നത്. 

ഡൈനാമിറ്റ് സ്‌ഫോടനത്തെ തുടര്‍ന്ന് വെളളപ്പൊക്കമുണ്ടായതോടെയാണ് ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയത്. 'രക്ഷാദൗത്യത്തില്‍ സഹായിക്കുന്നതിനായി നാവിക മുങ്ങല്‍ വിദഗ്ധരെ നല്‍കണമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.' മുഖ്യമന്ത്രി കാണ്‍റാട് സംഗമ പറഞ്ഞു. 

ഖനിത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനുളള എല്ലാ മാര്‍ഗങ്ങളും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്നും ജില്ലാ ഭരണകൂടത്തിന്റെയും എന്‍ഡിആര്‍എഫ് ഉള്‍പ്പടെയുളള മറ്റ് ഏജന്‍സികളുടെ പരിശ്രമിച്ചിട്ടും ഇതുവരെ തൊഴിലാളികളെ രക്ഷിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ഫയര്‍ സര്‍വീസ് എന്നിവയിലെ നൂറോളം രക്ഷാപ്രവര്‍ത്തകരാണ് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനാവുന്നില്ലെന്നും ജലനിരപ്പ് കുറയുന്നത് കാത്തിരിക്കുകയാണെന്നും ഇവര്‍ അറിയിച്ചു. 

ഖനി ഉടമയെ ദേശീയ ട്രിബ്യൂണലിന്റെ ഉത്തരവ് ലംഘിച്ച് അനധികൃതമായി കല്‍ക്കരി ഖനനം ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2014-ലാണ് കല്‍ക്കരി ഖനനത്തിന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ അനധികൃതഖനനം പതിവായി നടക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് കിഴക്കന്‍ ജെയ്ന്തിയ ഹില്‍സ് ജില്ല.

മേഘാലയയില്‍ 560 മില്യണ്‍ ടണ്‍ കല്ക്കരി നിക്ഷേപം ഉളളതായാണ് കണക്കാക്കുന്നത്. അസം, ത്രിപുര എന്നിവിടങ്ങളില്‍ നിന്നുളള കുടിയേറ്റ തൊഴിലാളികളാണ് ഇത്തരം അനധികൃതഖനികളില്‍ ജോലി ചെയ്യുന്നത്. ജനുവരിയിലും അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയിരുന്നു. ആറുപേരാണ് അന്ന് മരണപ്പെട്ടത്. 

Content Highlights:5 trapped in Meghalaya Mine; government has sought help from the Indian Navy