ചണ്ഡിഗഢ്: ഗുര്‍മീത് റാം റഹിം സിങ്ങിനെ ബലാത്സംഗക്കേസില്‍ കുറ്റക്കാരനായി കോടതി കണ്ടെത്തിയതിന് പിന്നാലെ റഹീം ഭക്തറുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കാന്‍ കഴിയാതിരുന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുടെ രാജിക്കായി സമ്മര്‍ദം. മുഖ്യമന്ത്രി എന്ന നിലയില്‍ ഖട്ടറുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്രത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കടുത്ത അതൃപ്തിയുള്ളതായാണ് തലസ്ഥാനത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

മണിക്കൂറുകളോളം സംസ്ഥാനത്ത് വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിട്ടും സര്‍ക്കാരിന് കൃത്യമായി ഇടപെടാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശനം എല്ലാ കോണില്‍ നിന്നും ഉയര്‍ന്നു. സന്ധ്യയോടെ കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ട് മുഖ്യമന്ത്രിയെ വിളിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി രാജിവെക്കണമെന്ന കോണ്‍ഗ്രസും ആവശ്യപ്പെട്ടുകഴിഞ്ഞു

അക്രമ സാധ്യത കണക്കിലെടുത്ത് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. അനുയായികള്‍ക്ക് തടിച്ചുകൂടാന്‍ അവസരം നല്‍കിയത് ഏറ്റവും വലിയ വീഴ്ചയായി. വിധി പ്രഖ്യാപനം കാലേക്കൂട്ടി അറിഞ്ഞിട്ടും ജനക്കൂട്ടം സംഘടിക്കുന്നത് നിയന്ത്രിക്കാനോ അവരെ നേരിടാനുള്ള മുന്‍കരുതലോ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടു.

144 പ്രഖ്യാപിക്കാന്‍ വൈകി
ഗുരുതരമായ സാഹചര്യം മുന്‍കൂട്ടി കണ്ട് ആളുകള്‍ കൂട്ടം കൂടുന്നത് തടഞ്ഞ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ഭരണകൂടം വൈകി. ആയുധങ്ങളുമായി എത്തുന്നത് മാത്രമാണ് തടഞ്ഞത്. അക്രമപരമ്പര അരങ്ങേറിയ ശേഷമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഖട്ടര്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഇത് ആദ്യത്തെ വീഴ്ചയല്ല. ആള്‍ദൈവം രാംപാലിന്റെ അറസ്റ്റിനെ തുടര്‍ന്ന് അരങ്ങേറിയ അക്രമങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു. സംവരണം ആവശ്യപ്പെട്ടുള്ള ജാട്ട് പ്രക്ഷോഭം സംസ്ഥാനത്തെ നിശ്ചലമാക്കിയപ്പോഴും സര്‍ക്കാര്‍ കാഴ്ചക്കാരായി. 

അക്രമങ്ങളും കൊള്ളിവെപ്പും നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരന്വേഷണത്തിന് പോലും ഉത്തരവിടാന്‍ കഴിഞ്ഞിട്ടില്ല. കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ ഇടയാക്കിയതിന് ഒരു നടപടിയും ഇതുവരെയുണ്ടായില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്‌. വിമര്‍ശനം രൂക്ഷമായതോടെ വെള്ളിയാഴ്ച രാത്രിയോടെ അക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച അംഗീകരിക്കുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചത്‌