ഹൈദരാബാദ്: മലയാളിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് തെലങ്കാനയില്‍ കോവിഡ് സ്ഥിരീകരിച്ചു. മരിച്ചയാളുടെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മറ്റുള്ളവര്‍ക്കും പരിശോധന നടത്തിയത്. കായംകുളം സ്വദേശിയായ വിജയകുമാര്‍ (64) മെയ് 17 ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം കോവിഡ് ബാധിതനായിരുന്നില്ല. 

വിജകുമാറിന്റെ മരണാനന്തര ചടങ്ങുകളില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു. പിന്നാലെ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ചടങ്ങുകളില്‍ പങ്കെടുത്ത മറ്റുള്ളവരേയും പരിശോധിച്ചപ്പോഴാണ് അഞ്ച് മലയാളികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മരിച്ചയാളുടെ ബന്ധുക്കളും കൂടിയാണെന്നാണ് വിവരം. 

രോഗം സ്ഥിരീകരിച്ചവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ചുപേരില്‍ 66 വയസുള്ള ഒരു സ്ത്രീയുമുണ്ടെന്നാണ് വിവരങ്ങള്‍. 

അതേസമയം ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് പടര്‍ന്നുപിടിക്കുകയാണ്‌. ഹൈദരാബാദ് ജില്ല ഒഴികെ മറ്റുള്ള ജില്ലകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ തിരികെ വന്നികൊണ്ടിരിക്കെ കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലും രോഗം കൂടുതല്‍ വ്യാപിക്കുന്നുണ്ട്. 

നിലവില്‍ 99 പേര്‍ക്കാണ് ഹൈദരാബാദില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമീപ സംസ്ഥാനമായ കര്‍ണാടകയിലും കോവിഡ് വ്യാപനം തുടരുകയാണ്. 143 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ തിരികെ എത്തുന്നതാണ് കര്‍ണാടകയ്ക്ക് വലിയ വെല്ലുവിളിയാകുന്നത്. 

മഹാരാഷ്ട്രയില്‍ നിന്ന് എത്തുന്നവരാണ് ഇത്തരത്തില്‍ രോഗബാധിതരില്‍ അധികവും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ മടങ്ങിയെത്തുന്നത് തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും വെല്ലുവിളിയാകുന്നുണ്ട്. 

Content Highlights: 5 Keralites have confirmed COVID positive in Telangana