ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവർപ്പിക്കാന്‍ വലിയ പരിപാടി സംഘടിപ്പിക്കാനൊരുങ്ങി ബിജെപി. 'സേവ, സമര്‍പ്പണ്‍ അഭിയാന്‍' എന്ന പേരില്‍ 20 ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനമായ സെപ്റ്റംബര്‍ 17-ന് തുടക്കംകുറിക്കും. നരേന്ദ്ര മോദിയുടെ ഇരുപത് വര്‍ഷം നീണ്ട പൊതുസേവനത്തിന് നന്ദി അറിയിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
 
20 ദിവസത്തെ ആഘോഷത്തിന്റെ ഭാഗമായി ദേശീയ തലത്തില്‍ ബൃഹത്തായ ശുചിത്വ യജ്ഞവും രക്തദാന കാമ്പെയ്നുകളും മറ്റ് സാമൂഹ്യ സേവനങ്ങളും നടത്താനാണ് ബിജെപി പദ്ധതിയിടുന്നത്.  ഇതിനായി എല്ലാ സംസ്ഥാന ഘടകങ്ങള്‍ക്കും ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. 'പാര്‍ട്ടി അംഗങ്ങള്‍ പൊതുസേവനത്തിന് പ്രതിജ്ഞാബദ്ധരാണ്' എന്ന അദ്ദേഹത്തിന്റെ സന്ദേശത്തിന് അഭിനന്ദനമറിയിച്ച് ഇന്ത്യയിലെമ്പാടുമുള്ള ബിജെപി പ്രവർത്തകർ അഞ്ച് കോടി പോസ്റ്റ് കാര്‍ഡുകള്‍ പ്രധാനമന്ത്രിക്ക് അയയ്ക്കുമെന്നും ബിജെപി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ഈ ദിവസങ്ങളില്‍ പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങളും പ്രതിരോധ കുത്തിവയ്പ്പും നല്‍കുമെന്ന് പാര്‍ട്ടി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുന്ന ഹോര്‍ഡിങ്ങുകളും പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കും. വെര്‍ച്വല്‍ നമോ ആപ്പിലൂടെയും പ്രവര്‍ത്തകര്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാം.

എല്ലാ പൊതുപ്രതിനിധികളും റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ പോയി പ്രധാനമന്ത്രിയ്ക്ക് നന്ദി പറയുന്ന വീഡിയോ എടുക്കുമെന്നും ബിജെപിയുടെ പ്രസ്താവനയില്‍ പറയുന്നു. പാര്‍ട്ടിയുടെ യുവജനവിഭാഗം രക്തദാന ക്യാമ്പുകള്‍ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ 71 സ്ഥലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗംഗാ നദി ശുചീകരിക്കാനുള്ള കാമ്പെയ്ന്‍ നടത്തും.

പ്രധാനമന്ത്രി മോദിയുടെ ജീവിതത്തിലും നേട്ടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ ബുദ്ധിജീവികളെയും പ്രശസ്ത വ്യക്തികളെയും ക്ഷണിക്കും. സന്ദേശം പൊതുജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി വിവിധ ഭാഷകളില്‍ പ്രമുഖ വ്യക്തികളുടെ അഭിപ്രായങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു.

ജില്ലാ തലങ്ങളില്‍ ആരോഗ്യക്യാമ്പുകളും നടക്കും. 'പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന' പ്രകാരം ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യും. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍, ഖാദിയുടെയും പ്രാദേശിക ഉല്‍പന്നങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിച്ച് ഒരു വലിയ കാമ്പെയ്ന്‍ നടത്തുകയും പൊതുവായി ഒരു സന്ദേശം നല്‍കുകയും ചെയ്യുമെന്നും ബിജെപി അറിയിച്ചു.

കോവിഡ് മൂലം അനാഥരായ കുട്ടികളെ ബിജെപി പ്രവര്‍ത്തകര്‍ പട്ടികയിലുള്‍പ്പെടുത്തി അവര്‍ക്ക് പിഎം-കെയേഴ്‌സിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. പ്രധാനമന്ത്രിക്ക് ലഭിക്കുന്ന എല്ലാ സമ്മാനങ്ങളും pmmemontos.gov.in എന്ന സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലേലം ചെയ്യും.

Content Highlights: 5 crore postcards, hoardings to thank narendra modi BJP's twenty day mega event