കഡപ്പ: ആന്ധ്രപ്രദേശിലെ കഡപ്പ ജില്ലയില്‍ കനത്ത മഴയില്‍ വിവിധ സംഭവങ്ങളിലായി അഞ്ച് കുട്ടികള്‍ മരിച്ചു. 

ബുധനാഴ്ച രാവിലെ ലക്ഷ്മിഗരി പള്ളിയില്‍ ചുമരിടിഞ്ഞ് വീണ് അഞ്ചുവയസുകാരന്‍ മരിച്ചു. ചൊവ്വാഴ്ച ബോയപള്ളിയില്‍ കെട്ടിടം ഇടിഞ്ഞുവീണാണ് രണ്ടു കുട്ടികള്‍ മരിച്ചത്. ഉപയോഗ ശൂന്യമായ പഴയ കെട്ടിടത്തില്‍ കുട്ടികള്‍ കളിക്കുമ്പോഴായിരുന്നു അപകടം. 

തമിഴ്‌നാടിന്റേയും ആന്ധ്രപ്രദേശിന്റേയും വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. ചിറ്റൂര്‍ കഡപ്പ, നെല്ലൂര്‍, പ്രകാശം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്.

നെല്ലൂരിലും ചിറ്റൂരിലും 14000 പേരെ മാറ്റി താമസിപ്പിച്ചതായി റവന്യൂ വകുപ്പ് അറിയിച്ചു. ചിറ്റൂരില്‍ 80 കന്നുകാലികള്‍ ചത്തു. നൂറോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തീവണ്ടി ഗതാഗതവും തടസ്സപ്പെട്ടു.