ന്യൂഡല്‍ഹി: രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലായി 48 കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്,ഗുജറാത്ത്, കേരളം, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഒഡിഷ, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, കര്‍ണാടക എന്നിവിടങ്ങളിലാണ് ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ വ്യാപനത്തെ ഉടന്‍ പ്രതിരോധിക്കേണ്ടതുണ്ടെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു. 

കോവിഡിന്റെ രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെല്‍റ്റ പ്ലസ് വൈറസിന്റെ വകഭേദമാണ്‌. അത് കൂടുതല്‍ മാരകമാണെന്ന് അര്‍ഥമില്ലെന്നും, പരിശോധനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം മാത്രമേ ഒരു വൈറസിന്റെ രൂക്ഷതയെക്കുറിച്ച് പറയാനാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. 

ഡിസംബറിലാണ് രാജ്യത്ത് ആദ്യമായി ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ മാസത്തോടെ അത് 174 ജില്ലകളിലേക്ക് വ്യാപിച്ചു. എന്നാല്‍ നിലവില്‍ കേസുകള്‍ കുറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം ഡെല്‍റ്റ പ്ലസ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ലോക്ഡൗണിന് ശേഷം കൂടുതല്‍ ഇളവുകള്‍ നല്‍കിയിരുന്നെങ്കിലും ഇവ പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. 

Content Highlights: 48 Delta Plus cases in 11 states: More study needed, cases very localised, says health ministry