ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 53 പേര്‍ മരിച്ചത് ഡെങ്കി വ്യാപനത്തേതുടര്‍ന്നെന്ന് സംശയം. മരിച്ചതില്‍ 45 പേരും കുട്ടികളാണ്. ഇതോടെ സെപ്റ്റംബര്‍ ആറ് വരെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും അടച്ചിടാന്‍ ഉത്തരവായി.ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകള്‍ സെപ്റ്റംബര്‍ ആറ് വരെ നടത്തേണ്ടെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര വിജയ് സിങ് ഉത്തരവിട്ടിരിക്കുന്നത്.
 
ഡെങ്കി വ്യാപനമാണോ എന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.ഫിറോസാബാദിലെ മെഡിക്കല്‍ കോളേജില്‍ 180ല്‍പ്പരം ആളുകളെ പ്രവേശിപ്പിച്ചിട്ടുണ്ട്. കടുത്ത പനിയും ആരോഗ്യപ്രശ്‌നങ്ങളും നേരിടുന്ന കുട്ടികളെക്കൊണ്ട് ആശുപത്രിയിലെ വാര്‍ഡ് നിറയുകയാണ്. ആശുപത്രിയിലെത്തിയ ഭൂരിഭാഗത്തിനും വൈറല്‍ പനിയാണെന്നും ചിലര്‍ക്ക് പരിശോധനയില്‍ ഡെങ്കി സ്ഥിരീകരിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഫിറോസാബാദ് മെഡിക്കല്‍ കോളേജിലെത്തി ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചിരുന്നു. മരിച്ച കുട്ടികളില്‍ ചിലരുടെ വീട്ടിലെത്തി ബന്ധുക്കളേയും അദ്ദേഹം സന്ദര്‍ശിച്ചു. മരണങ്ങളുടെ കാരണം എന്താണെന്ന് അന്വേഷിച്ച് വിശദീകരണം നല്‍കാന്‍ പ്രത്യേക അന്വേഷണസംഘത്തേയും നിയോഗിച്ചു.

പെട്ടെന്ന് പനി ബാധിച്ച് കുട്ടികള്‍ അവശനിലയിലാകുന്നുണ്ട്. ലക്കി എന്ന ആറ് വയസ്സുകാരന് ചെറിയ തോതില്‍ പനി വന്ന് പെട്ടെന്ന് അസുഖം കൂടുകയായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കുട്ടി മരിക്കുകയും ചെയ്തു. കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആഗ്രയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ആഗ്രയിലെത്തിക്കുന്നതിന് പത്ത് മിനുറ്റ് മുന്‍പാണ് കുട്ടി മരിച്ചത്