.ജോശിമഠിലെ ഒരു വീട് | Photo : PTI
ന്യൂഡല്‍ഹി: വീടുകളില്‍ വിള്ളലുകളുണ്ടാവുകയും ഭൂമി ഇടിഞ്ഞുതാഴുകയും ചെയ്ത ഉത്തരാഖണ്ഡിലെ ജോശിമഠില്‍ 600 വീടുകള്‍ ഒഴിപ്പിച്ചു. 4000 ത്തോളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രദേശത്ത് നടത്തിയ ഉപഗ്രഹ സര്‍വേയ്ക്ക് ശേഷമാണ് ഒഴിപ്പിക്കല്‍ നടപടി സ്വീകരിച്ചത്.
600 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹെലിക്കോപ്ടറുകള്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തിനായി തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ജോശിമഠിലും സമീപപ്രദേശങ്ങളിലും എല്ലാ നിര്‍മാണപ്രവൃത്തികളും നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹെലാങ്- മര്‍വാരി ബൈപ്പാസിന്റെ പ്രവൃത്തിയും എന്‍.ടി.പി.സിയുടെ ഹൈഡല്‍ പ്രൊജക്ടിന്റെ നിര്‍മാണപ്രവൃത്തികളും ഇതിന്റെ ഭാഗമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
ജോശിമഠിലെ സാഹചര്യങ്ങള്‍ ആശങ്ക സൃഷ്ടിച്ചതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രത്യേക യോഗം വിളിച്ചു ചോര്ത്തിരുന്നു. ദേശീയദുരന്ത നിവാരണ അതോറിറ്റി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെ്ന്റ്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, റൂര്‍ക്കി ഐ.ഐ.ടി, വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി ആന്‍ഡ് സെന്‍ട്രല്‍ ബില്‍ഡിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരടങ്ങിയ സംഘത്തോട് പഠനം നടത്തി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
200 വീടുകളില്‍നിന്ന് ആളുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ നേരത്തെ തന്നെ ജില്ലാഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഓരോ കുടുംബത്തിനും അടുത്ത ആറ് മാസക്കാലത്തേക്ക് പ്രതിമാസം
4000 രൂപ വീതം നല്‍കുമെന്ന് സംസ്ഥാന ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.
ജോശിമഠിലെ 600ലേറെ വീടുകളില്‍ വിള്ളല്‍ വീഴുകയും ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്. ബദ്രിനാഥ്, ഹേംകുണ്ഡ് സാഹിബ് എന്നിവിടങ്ങളിലേക്കുള്ള കവാടമാണ് ഈ നഗരം. പുതിയ സാഹചര്യത്തില്‍ ഈ ഭൂപ്രദേശത്തെ അപകടമേഖല, ബഫര്‍ സോണ്‍, പൂര്‍ണമായും സുരക്ഷിതമായ മേഖല എന്നിങ്ങനെ തിരിച്ചിട്ടുണ്ട്.
Content Highlights: 4000 Evacuated from joshimath After Survey Via Satellites
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..