അഗര്‍ത്തല: ത്രിപുരയിലെ ബി.ജെ.പി. സഖ്യകക്ഷിയായ ഐ.പി.എഫ്.ടി. പാര്‍ട്ടിയില്‍നിന്ന് നാന്നൂറോളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഐ.പി.എഫ്.ടി. സീനിയര്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കൃതിമോഹന്‍ ത്രിപുരയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പ് മൂന്ന് വനിതാനേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് നാന്നൂറോളം പ്രവര്‍ത്തകരും പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയത്. 

ത്രിപുരലാന്റ് എന്ന സംസ്ഥാനം വേണമെന്ന ആവശ്യവുമായാണ് 2009-ല്‍ ഐ.പി.എഫ്.ടി പാര്‍ട്ടി രൂപവത്കരിച്ചത്. ത്രിപുരയിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഇത്തരം പ്രചാരണവുമായി ഐ.പി.എഫ്.ടി. വന്‍ സ്വാധീനമുണ്ടാക്കുകയും ചെയ്തു.

എന്നാല്‍ ത്രിപുരലാന്റ് എന്ന സംസ്ഥാനം ഒരിക്കലും പ്രാവര്‍ത്തികമാകാത്ത സ്വപ്‌നമാണെന്നും പുതിയൊരു സംസ്ഥാനം പ്രായോഗികമല്ലെന്നുമാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടവരുടെ അഭിപ്രായം. അതിനാല്‍ ജനങ്ങളെ കബളിപ്പിക്കുന്ന ഐ.പി.എഫ്.ടി.യില്‍നിന്ന് തങ്ങള്‍ പുറത്തുപോവുകയാണെന്നും അവര്‍ വ്യക്തമാക്കി. 

നിലവില്‍ ത്രിപുരയില്‍ ഭരണത്തിലുള്ള ബി.ജെ.പി. സര്‍ക്കാരിലെ മുഖ്യസഖ്യകക്ഷിയാണ് ഐ.പി.എഫ്.ടി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സഖ്യത്തില്‍ മത്സരിച്ച ഐ.പി.എഫ്.ടി എട്ടുസീറ്റുകളില്‍ വിജയിച്ചിരുന്നു. 

Content Highlights: 400 ipft activists in tripura joined congress