കാണ്‍പൂര്‍: 40 വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുവെന്ന് കരുതിയ സ്ത്രീ, മക്കളുടെ അടുക്കല്‍ മടങ്ങിയെത്തി. പഴയകാല ബോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ സംഭവം നടന്നത് കാണ്‍പൂരിലാണ്. 82-കാരിയായ വിലാസയുടെ തിരിച്ചുവരവ് ഇപ്പോള്‍ ബിധ്‌നൂ ഗ്രാമത്തില്‍ സംസാരവിഷയമാണ്.

1976-ലാണ് വിലാസ 'ആദ്യമായി' മരിക്കുന്നത്. വിറക് ശേഖരിക്കാന്‍ പോയ ഇവരെ പാമ്പുകടിക്കുകയും തുടര്‍ന്ന് നാട്ടുവൈദ്യന്റെ അടുത്ത് എത്തിക്കുകയും ചെയ്തു. ചികിത്സകള്‍ക്ക് ഒടുവില്‍ ഇവര്‍ മരിച്ചെന്നായിരുന്നു വൈദ്യന്റെ വിധിയെഴുത്ത്. തുടര്‍ന്ന് പരമ്പരാഗത ചടങ്ങുകള്‍ പ്രകാരം ഗംഗാനദിയില്‍ ശരീരം ഒഴുക്കി സംസ്‌കാരവും നടത്തി.

മക്കളായ രാം കുമാരി, മുന്നി എന്നിവരുടെ വീടിനു മുന്നില്‍ കഴിഞ്ഞ ദിവസം വിലാസ മടങ്ങിയെത്തി. നാടകീയമായ കഥകള്‍ അതോടെ ചുരുളഴിയുകയായിരുന്നു.


നദിയില്‍ ഒഴുക്കിയ നേരം വിലാസ മരിച്ചിട്ടില്ലായിരുന്നു. ഒഴുകിപ്പോയ അവരെ മീന്‍പിടിത്തക്കാര്‍ രക്ഷിക്കുകയും പിന്നീട് അവരിലൊരാളുടെ വീട്ടില്‍ താമസിപ്പിക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് ഒരു പെണ്‍കുട്ടിയോട് ഇവര്‍ പറയുകയും അന്വേഷണം ഇവിടെ എത്തിച്ചേരുകയായിരുന്നു എന്നും വിലാസയുടെ ഇളയമകള്‍ പറയുന്നു.