ജോധ്പുർ: 'എനിക്ക് ഈ നിലയിലെത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്കെല്ലാവർക്കും ഇത് സാധിക്കും'. ഏറ്റവും പ്രയാസകരമെന്ന് ആളുകൾ കരുതുന്ന സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച് രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ കയറിയ നാൽപത് വയസുകാരി ആശ കണ്ഡാറിന്റെ വാക്കുകളാണിവ. 

രാജസ്ഥാനിലെ ശുചീകരണ തൊഴിലാളിയായിരുന്നു ആശ കണ്ഡാര. ആശയേയും രണ്ട് കുട്ടികളേയും എട്ട് വർഷങ്ങൾക്ക് മുമ്പാണ് ഭർത്താവ് ഉപേക്ഷിക്കുന്നത്. ജീവിതം വഴിമുട്ടിയ നിമിഷത്തിൽ, ഇനി എന്ത് എന്ന ചോദ്യത്തിന് മുമ്പിൽ തളരാതെ അവർ പഠനം തുടരുകയായിരുന്നു.

മാതാപിതാക്കളുടെ സഹായത്തോടെ ബിരുദ പഠനം പൂർത്തിയാക്കി. തുടർന്ന് 2018-ൽ സിവിൽ സർവീസ് പരീക്ഷ എഴുതുകയായിരുന്നു. ഇതിന് ശേഷം രാജസ്ഥാനിലെ ജോഥ്പുർ മുൻസിപ്പൽ കോർപ്പറേഷനിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ വൈകിയെത്തിയ പരീക്ഷാഫലം ആശയുടെ സ്വപ്ന സാക്ഷാത്കാരം കൂടിയായിരുന്നു. 

2019ലാണ് മെയിൻ പരീക്ഷ എഴുതുന്നത്. പരീക്ഷാ ഫലം വരുന്നതിന് മുമ്പേ കോർപ്പറേഷനിൽ ജോലി ലഭിച്ചു. മറ്റുള്ളവർ എന്ത് പറയുന്നു എന്നതല്ല. നമുക്ക് നേരെ വരുന്ന കല്ലുകൾ ഉപയോഗിച്ച് ഒരു പാലം നിർമ്മിക്കുകയാണ് വേണ്ടത്. എനിക്ക് ഇവിടം വരെ എത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ എല്ലാവർക്കും ഇതിന് കഴിയുമെന്ന് ആശ പറയുന്നു. 

"വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എന്റെ അച്ഛന് നന്നായിട്ടറിയാം. പഠിച്ച് മുന്നേറാനാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത്. ഞാൻ തെരഞ്ഞെടുത്തത് അഡ്മിനിസ്ട്രേഷനാണ്. എന്നെ പോലെയുള്ള സാധാരണക്കാരായവരെ സഹായിക്കാൻ വേണ്ടിയാണ് ഇത്. വിദ്യാഭ്യാസമാണ് എല്ലാത്തിനുമുള്ള ഉത്തരം", ആശ പറയുന്നു.

ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മണൻ അടക്കമുള്ളവർ ആശയെ അഭിനന്ദിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

Content Highlights: 40 year old Sanitation Employee Asha Kandara to Be a part of Rajasthan Civil Service