ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ നാലു വര്‍ഷം തികയ്ക്കുമ്പോള്‍ ജനപ്രീതിയില്‍ ഇടിവു സംഭവിക്കുന്നതായി അഭിപ്രായ സര്‍വേ. സര്‍ക്കാരിലുള്ള ജനപ്രീതിയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഏഴു ശതമാനം ഇടിവുണ്ടായതായാണ് 'ലോക്കല്‍ സര്‍ക്കിള്‍സ്' നടത്തിയ ഓണ്‍ലൈന്‍ സര്‍വെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, സര്‍വേയില്‍ പങ്കെടുത്തവരില്‍ 57 ശതമാനം പേരും മോദി സര്‍ക്കാരിന്റെ പ്രകടനത്തില്‍ തൃപ്തരാണെന്നും ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2016ല്‍ നടത്തിയ സര്‍വേയില്‍ 64 ശതമാനം പേരാണ് മോദി സര്‍ക്കാരില്‍ സംതൃപ്തി പ്രകടിപ്പിച്ചിരുന്നത്. 2018ലെ സര്‍വേയില്‍ ഇത് 57 ശതമാനമായി കുറഞ്ഞു. ഏഴു ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. എന്‍ഡിഎ ഭരണത്തിനെതിരായ ഭരണവിരുദ്ധ വികാരമാണ് ജനപ്രീതി ഇടിയാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

വര്‍ഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നേരിടുന്നതില്‍ മോദി സര്‍ക്കാരിനുണ്ടായ വീഴ്ച ജനപ്രീതി ഇടിയുന്നതിന് പ്രധാന കാരണമായതായി സര്‍വേ പറയുന്നു. സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം നടത്തിയ സര്‍വേയില്‍ വര്‍ഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നേരിടുന്നതില്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ 63 ശതമാനം പേരും തൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം 50 ശതമാനം പേര്‍ മാത്രമാണ് മോദി സര്‍ക്കാര്‍ വര്‍ഗീയതയെ നേരിടുന്നതില്‍ വിജയിക്കുന്നതായി അഭിപ്രായപ്പെട്ടത്.

SURVY
Image: localcircles

 

കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മോദി സര്‍ക്കാരിന് കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാനായില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത വലിയൊരു വിഭാഗവും കരുതുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ കര്‍ഷകരുടെ അവസ്ഥയ്ക്ക് പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് അഭിപ്രായപ്പെട്ടത് 47 ശതമാനമാണ്. കര്‍ഷകരുടെ സ്ഥിതി മെച്ചപ്പെട്ടതായി സര്‍വേയില്‍ 37 ശതമാനം അഭിപ്രായപ്പെട്ടു.

SURVY
Image: localcircles

 

തൊഴിലില്ലായ്മ പരിഹരിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാരിനെ അഭിനന്ദിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാരിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചതായി കരുതുന്നവരുടെ എണ്ണത്തില്‍ 11 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണത്തെ സര്‍വേയില്‍ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്ന് 63 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ഇത്തവണ അവരുടെ എണ്ണം 54 ശതമാനമായി കുറഞ്ഞതായി സര്‍വേ പറയുന്നു.

SURVY
Image: localcircles

 

അവശ്യസാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതില്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നവര്‍ 60 ശതമാനമാണ്. 33 ശതമാനം പേര്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പമാണ്. 2016ല്‍ നടത്തിയ സര്‍വേയില്‍ 66 ശതമാനം പേരാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരായി അഭിപ്രായം രേഖപ്പെടുത്തിയതെങ്കില്‍ 2017ല്‍ അത് 55 ശതമാനമായി കുറഞ്ഞിരുന്നു. 

SURVY
Image: localcircles

 

രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ നേരിടുന്നതിന് മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലപ്രദമാണെന്ന് കരുതുന്നത് 32 ശതമാനം പേരാണ്. 2016ല്‍ 38 ശതമാനമാണ് ഇക്കാര്യത്തില്‍ മോദി സര്‍ക്കാരിനെ അനുകൂലിച്ചിരുന്നതെങ്കില്‍ 2017ല്‍ ഇത് 28 ശതമാനമായി കുറഞ്ഞിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ തൃപ്തി രേഖപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാലു ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കല്‍, തീവ്രവാദത്തെ നേരിടല്‍, അഴിമതി കുറയ്ക്കല്‍, അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം നേരിടല്‍, തൊഴിലില്ലായ്മയെ നേരിടല്‍ തുടങ്ങി 22 മേഖലകളിലായാണ് അഭിപ്രായ സര്‍വേ നടത്തിയത്.

Content Highlights: 4 years of Modi government, modi's popularity down, localcircles Survey