തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥൻ |ഫോട്ടോ:AFP
ന്യൂഡല്‍ഹി: നേപ്പാളില്‍ തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്ന അഞ്ച് ഇന്ത്യക്കാരും മരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ നാല് പേര് വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറയിലേക്ക് പോയത് പാരാഗ്ലൈഡിങ് നടത്താനായിരുന്നുവെന്നാണ് ഇവരുടെ കൂടെയുണ്ടായിരുന്ന നേപ്പാള്‍ സ്വദേശി പറയുന്നത്.
ജീവനക്കാരടക്കം 72 പേരുണ്ടായിരുന്ന വിമാനം കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്കുള്ള യാത്രയ്ക്കിടെ ലാന്‍ഡിങിന് തൊട്ടുമുമ്പായിട്ടാണ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണത്. 68 പേരുടെ മൃതദേഹമാണ് നിലവില്‍ കണ്ടെടുത്തത്. രണ്ടു പേരെ ജീവനോടെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതിന് സ്ഥിരീകരണമില്ല.
അഭിഷേക് കുശ്വാഹ (25), ബിഷാല്‍ ശര്‍മ (22) അനില്‍ കുമാര്‍ രാജ്ഭാര്‍ (27), സോനു ജയ്സ്വാള്‍ (35), സഞ്ജയ് ജയ്സ്വാള്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട ഇന്ത്യക്കാര്‍. ഈ അഞ്ചു പേരില്‍ നാലു പേര് വെള്ളിയാഴ്ചയാണ് ഇന്ത്യയില്‍ നിന്ന് നേപ്പാളിലെത്തിയത്. അപകടത്തില്‍പ്പെട്ട ഇന്ത്യക്കാരില്‍ ഏറ്റവും മുതിര്‍ന്നയാള്‍ സോനു ജയ്സ്വാള്‍ ഉത്തര്‍പ്രദേശിലെ വരാണി സ്വദേശിയാണ്.
'നാലുപേരും വിനോദസഞ്ചാര കേന്ദ്രമായ പൊഖാറയില്‍ പാരാഗ്ലൈഡിംഗ് ആസ്വദിക്കാന്‍ പദ്ധതിയിട്ടിരുന്നു' തെക്കന്‍ നേപ്പാളിലെ സര്‍ലാഹി ജില്ലയില്‍ താമസിക്കുന്ന അജയ് കുമാര്‍ ഷാ പറഞ്ഞു.
തങ്ങള്‍ എല്ലാവരും ഇന്ത്യയില്‍ നിന്ന് ഒരേ വാഹനത്തില്‍ ഒരുമിച്ചാണ് കാഠ്മണ്ഡുവിലെത്തിയത്. അവര്‍ പശുപതിനാഥ ക്ഷേത്രത്തിനടുത്തും പിന്നെ പൊഖാറയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഹോട്ടല്‍ ഡിസ്കവറി ഓഫ് തമേലിലും താമസിച്ചു. പൊഖാറയില്‍ നിന്ന് ഗൊരഖ്പുര്‍ വഴി നാട്ടിലേക്ക് മടങ്ങാനായിരുന്നു അവരുടെ പദ്ധതിയെന്നും അജയ് കുമാര്‍ പറഞ്ഞു.
ഇതിനിടെ ഇന്ത്യന്‍ പൗരന്മാര് ഉള്‍പ്പെടെയുള്ള വിലപ്പെട്ട ജീവന് നഷ്ടപ്പെട്ട നേപ്പാളിലെ ദാരുണമായ വിമാനാപകടത്തില്‍ വേദനയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Content Highlights: 4 of 5 Indians who died in Nepal air crash were planning to do paragliding in Pokhara
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..