മമത ബാനർജി |Photo:PTI
കൊല്‍ക്കത്ത: സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ ഇതേ പാതയിലേക്കെന്ന് സൂചന. ചൊവ്വാഴ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നാല് മന്ത്രിമാര്‍ പങ്കെടുത്തില്ല. ഇത് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടാകുമെന്ന അഭ്യൂഹകള്‍ക്കിടയാക്കി.
റജിബ് ബാനര്‍ജി, രബീന്ദ്രനാഥ് ഘോഷ്, ഗൗതം ദേബ്, ചന്ദ്രാനന്ദ് സിന്‍ഹ എന്നീ മന്ത്രിമാരാണ് ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലേക്ക് എത്താതിരുന്നത്. യോഗത്തില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് മൂന്ന് മന്ത്രിമാര്‍ പാര്‍ട്ടിക്ക് കൃത്യമായ കാരണം ബോധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേ സമയം വനം മന്ത്രി റജിബ് ബാനര്‍ജിയുടെ അസാന്നിധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്കുള്ള അതൃപ്തി അദ്ദേഹം നേരത്തെ പരസ്യമാക്കിയിരുന്നു. സുവേന്ദു അധികാരി ഉയര്‍ത്തിക്കാട്ടിയ അതേ പ്രശ്‌നങ്ങളാണ് റജിബ് ബാനര്‍ജിയും കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുമായി ബന്ധപ്പെട്ടാണ് പ്രധാന പ്രശ്‌നം.
ഇതിനിടെ റജിബ് ബാനര്‍ജിയുമായി അനുരഞ്ജന ശ്രമങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജിയുമായി തിങ്കളാഴ്ച അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരാഴ്ചക്കിടെ പാര്‍ഥ ചാറ്റര്‍ജിയുമായി നടത്തുന്ന രണ്ടാമത്തെ ചര്‍ച്ചയായിരുന്നു അത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചൊവ്വാഴ്ച റജിബ് ബാനര്‍ജി മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നതോടെ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ സംശയത്തോടെയാണ് തൃണമൂല്‍ കാണുന്നത്.
കഴിഞ്ഞ ആഴ്ച അമിത് ഷായുടെ സാന്നിധ്യത്തില്‍ തൃണമൂല്‍ മന്ത്രിയായിരുന്ന സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരും എംപിമാരും ഉള്‍പ്പടെ 34 ഓളം നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്.
Content Highlights: 4 ministers skip Mamata Banerjee's cabinet meet-trigger speculations of more resignations
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..