ന്യൂഡല്‍ഹി: പി.എം കിസാന്‍ പദ്ധതി പ്രകാരം 40 ലക്ഷം അനര്‍ഹര്‍ക്ക് പണം ലഭിച്ചുവെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. അസം, തമിഴ്‌നാട്, ചത്തീസ്ഗഢ്, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ അനര്‍ഹര്‍ക്കാണ് പി.എം. കിസാന്‍ പദ്ധതി പ്രകാരം അക്കൗണ്ടിലേക്ക് പണമെത്തിയത്. ഇവരുടെ പക്കല്‍നിന്നും തുക പിടിച്ചെടുക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

അസം, തമിഴ്‌നാട്, ഛത്തീസ്ഗഢ്‌, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥനാങ്ങള്‍ കൂടാതെ നിരവധി സംസ്ഥാനങ്ങളിലും അനര്‍ഹര്‍ക്ക് പണം ലഭിച്ചുവെങ്കിലും ഏറിയ പങ്കും ഈ സംസ്ഥാനങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.എം. കിസാന്‍ പദ്ധതിപ്രകാരം ക്യഷിഭൂമിയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ നല്‍കും. 2,000 വീതം മൂന്ന് ഗഡുക്കളായിട്ടാണ് പണം നല്‍കുക. കഴിഞ്ഞ മേയ് മാസം 19,000 കോടി രൂപയാണ് കേന്ദ്രം വിതരണം ചെയ്തത്. പദ്ധതിപ്രകാരം കേന്ദ്രസര്‍ക്കാര്‍ 1.15 ലക്ഷം കോടിയാണ് ഇതുവരെ വിതരണം ചെയ്തത്.

പി.എം. കിസാന്‍ പദ്ധതിപ്രകാരം അര്‍ഹരായ കര്‍ഷകരെ കണ്ടെത്തുന്ന ചുമതല സംസ്ഥാനങ്ങള്‍ക്കാണ്. 2019 ഫെബ്രുവരി 24-നാണ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. 2020-ല്‍ പി.എം. കിസാന്റെ പേരില്‍ അസമില്‍ നടന്ന തട്ടിപ്പില്‍ അന്വേഷണത്തിന് കേന്ദ്ര കൃഷിമന്ത്രി ഉത്തരവിട്ടു. ഇതുമൂലം തുകവിതരണം മുടങ്ങുകയും ചെയ്തു. 

അസമില്‍ 554 കോടി തിരിച്ചുപിടിക്കാനുണ്ട്. യു.പിയില്‍ 258 കോടിയും ബിഹാറില്‍ 425 കോടിയുമാണ് തിരിച്ചുപിടിക്കാനുള്ളത്‌. പഞ്ചാബില്‍ 437 കോടി തിരികെ പിടിക്കാനുണ്ട്. രാജ്യത്ത്, പദ്ധതിപ്രകാരം ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നത് അസമിലാണ്. ഇവിടെ 8,35,268 അനര്‍ഹര്‍ക്ക് പണം ലഭിച്ചു.

രണ്ടാം സ്ഥാനത്ത് തമിഴ്‌നാടാണ്. ഇവിടെ 7,22,271 അനര്‍ഹര്‍ക്ക് പണം ലഭിച്ചു. ഛത്തീസ്ഢില്‍ 58,289 അനര്‍ഹര്‍ക്ക് പണം ലഭിച്ചപ്പോള്‍ പഞ്ചാബിലിത് 5,62,256 ആണ്. എല്ലാ സംസ്ഥാനങ്ങളിലും ക്രിമിനല്‍ നടപടി പ്രകാരം അനര്‍ഹര്‍ക്കെതിരെ നടപടിയെടുക്കാനും പണം തിരികെ പിടിക്കാനും ഉത്തരവിട്ടെന്ന് സൂചന. 

കൃഷിയോഗ്യമായ ഭൂമിയുള്ള ഭര്‍ത്താവ്, ഭാര്യ, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്നിവരുള്‍പ്പെടുന്ന കാര്‍ഷിക കുടുംബത്തിനാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കര്‍ഷകര്‍ അല്ലാത്തവരും ആദായനികുതി അടയ്ക്കുന്നവരും 10,000 രൂപ പ്രതിമാസം പെന്‍ഷന്‍ വാങ്ങുന്നവരും പദ്ധതിക്ക് അര്‍ഹരല്ല. ഗവണ്‍മെന്റ് ജോലിയോ സര്‍വ്വീസില്‍ നിന്നോ വിരമിച്ചവരും ഒഴിവാക്കിയ വിഭാഗത്തില്‍പെടുന്നു. പദ്ധതിപ്രകാരം 40 ലക്ഷം അര്‍ഹര്‍ക്ക് 2,900 കോടി ലഭിച്ചിട്ടുണ്ട്.

Content Highlights: 4 million ineligible got money through PM Kisan