കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നസത് പ്രദേശത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. സംഘര്‍ഷം ഇപ്പോഴും തുടരുന്നതായാണ് വിവരം.
എന്നാല്‍ മരണം സ്ഥിരീകരിക്കാന്‍ പോലീസ് തയ്യാറായില്ല. വലിയ സംഘം പോലിസിനെ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണ വിധേയമാവുമെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രദേശത്ത് കൊടികള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
തങ്ങളുടെ കൊടികള്‍ നശിപ്പിക്കുന്നത് ചോദ്യം ചെയ്ത മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സയന്തന്‍ ബസു ആരോപിച്ചു. മൂന്ന് പ്രവര്‍ത്തകരുടെ മൃതശരീരം തങ്ങള്‍ ഏറ്റുവാങ്ങി. രണ്ട് പ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടതായാണ് വിവരം. പക്ഷെ അവരുടെ മൃതശരീരം കിട്ടിയിട്ടില്ല. പോയന്റ് ബ്ലാങ്കില്‍ തങ്ങളുടെ പ്രവര്‍ത്തകരെ വെടിവെച്ച് കൊല്ലുകയായിരുന്നെന്നും ബസു പറഞ്ഞു.
തങ്ങളുടെ ഒരു പ്രവര്‍ത്തകനും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചു. അതേസമയം സംഘര്‍ഷം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് ബി.ജെ.പി നേതൃത്വം.
content highlights: 4 Killed As Trinamool, BJP Workers Clash In Bengal