അപകടത്തിന്റെ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ
യവാത്മല് (മഹാരാഷ്ട്ര): വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാലം മുറിച്ചുകടക്കുന്നതിനിടെ ബസ് നദിയിലേക്കൊഴുകി. മഹാരാഷ്ട്രയിലെ യവാത്മലില്‍ നടന്ന അപകടത്തില്‍ ബസിലുണ്ടായിരുന്ന നാല് പേര് മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്.
മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ബസ് മുന്നോട്ടെടുത്തതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് നദിയില്‍ മുങ്ങിയത്. നന്തേഡില്‍ നിന്ന് നാഗ്പുറിലേക്ക് പോകുന്ന ബസാണ് വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാലം മുറിച്ചുകടക്കാന്‍ ശ്രമിച്ചത്.
പാലത്തില്‍ കയറി മീറ്ററുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ശക്തമായ ഒഴുക്കില്‍ ബസിന്റെ നിയന്ത്രണം നഷ്ടമായിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ ബസ് വെള്ളത്തിലേക്ക് മറിഞ്ഞ് ഒഴുകി പോകുകയായിരുന്നു. ബസിന്റെ 90 ശതമാനവും മുങ്ങി. ഉച്ചയോടെ രക്ഷാപ്രവര്‍ത്തകര്‍ ഡ്രൈവറുടേയും കണ്ടക്ടറുടേയും രണ്ട് യാത്രികരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.
എട്ട് പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ മൂന്ന് പേരെ ഗ്രാമവാസികള്‍ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കൊങ്കണ്‍ ജില്ലകള്‍ ഉള്‍പ്പടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത പേമാരിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..